‘സ്വവർ​ഗരതി എന്നാൽ ആത്മസുഖമോ?’; മമ്മൂട്ടിച്ചിത്രം കാതലിന്റെ ഹിന്ദി പതിപ്പിനെതിരെ ക്വീർ കമ്യൂണിറ്റി
1 min read

‘സ്വവർ​ഗരതി എന്നാൽ ആത്മസുഖമോ?’; മമ്മൂട്ടിച്ചിത്രം കാതലിന്റെ ഹിന്ദി പതിപ്പിനെതിരെ ക്വീർ കമ്യൂണിറ്റി

ജിയോ ബേബി – മമ്മൂട്ടി ചിത്രം കാതൽ ദി കോർ രാജ്യത്തിനകത്തും പുറത്തും സംസാരവിഷയമാണ്. ഒരു മെയിൻസ്ട്രീം നടനെ വെച്ച് ഇത്തരത്തിലൊരു ചിത്രം ചെയ്തതിന് ജിയോ ബേബിയേയും, തന്റെ മുഖം നോക്കാതെ ഇതിലഭിനയിക്കാൻ തയാറായ മമ്മൂട്ടിയെയും വിമർശകരുൾപ്പെടെ പ്രശംസിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ ചിത്രത്തെയും മമ്മൂട്ടിയെയും പ്രകീർത്തിച്ച് രം​ഗത്തെത്തിയിരുന്നു.

2023 നവംബർ 23ന് റിലീസ് ചെയ്ത ചിത്രം നിലവിൽ ഒ.ടി.ടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. എന്നാൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്. ഹിന്ദി പതിപ്പിലെ വിവർത്തന പിഴവാണ് ഇതിന് കാരണം. ഹിന്ദി പതിപ്പിലെ ഒരു ഡയലോഗ് ‘സ്വവർഗരതി’യെ ‘ആത്മസുഖം’ എന്നാണ് പരാമർശിച്ചിക്കുന്നത്. ഇതിനെതിരെ ക്വിയർ കമ്മ്യൂണിറ്റിയും രംഗത്തെത്തിയിരുന്നു.

വീഡിയോ സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയർ കമ്മ്യൂണിറ്റി പ്രൈമിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ചൊവ്വാഴ്ച രാവിലെ പ്രൈം വീഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവർത്തിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. സിനിമയിലെ 74-ാം മിനിറ്റിലെ ഒരു രംഗത്തിൽ, ‘സ്വവർഗരതി’ എന്ന സബ് ടൈറ്റിൽ ഉണ്ടായിരുന്നിട്ടും, സംഭാഷണത്തിൽ ‘ആത്മസുഖം’ എന്നാണ് പരാമർശിക്കുന്നത്. ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കും എന്നാണ് ലഭിക്കുന്ന വിവരം.