മമ്മൂട്ടി ചിത്രം ‘കാതല്‍’ അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് കോടികള്‍
മമ്മൂട്ടി കമ്പനി, ഈ പേര് ബിഗ് സ്ക്രീനില്‍ എഴുതിക്കാണിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിപ്പോള്‍ ഒരു ആശ്വാസം ആണ്. മിനിമം ക്വാളിറ്റി ഉള്ളതാകും കാണാന്‍ പോകുന്ന സിനിമ എന്നതാണ് അത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഖ്യാതി ആണത്. അതിലെ ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് കാതല്‍ ദ കോര്‍. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാതല്‍ കാഴ്ച വയ്ക്കുന്നത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം മലയാളത്തിലെ ധീരമായ പരീക്ഷണമെന്നാണ് അഭിപ്രായം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
കണ്ണൂര്‍ സ്ക്വാഡ് എത്തിയതുപോലെ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് മമ്മൂട്ടി കമ്പനി കാതലും പുറത്തിറക്കിയത്. എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സൂചനകള്‍ പുറത്തെത്തിയതിനാല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രത്തിനായി വലിയ കാത്തിരിപ്പും ഉണ്ടായിരുന്നു. റിലീസ് ദിനം ആദ്യ ഷോകളോടെ മികച്ച പ്രേക്ഷകാഭിപ്രായം നേടാനായ ചിത്രം ആദ്യദിനം നേടിയത് 1.05 കോടി ആയിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദിനങ്ങളില്‍ കളക്ഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു ചിത്രം. വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം വെള്ളിയാഴ്ച 1.18 കോടിയും ശനിയാഴ്ച 1.45 കോടിയും ഞായറാഴ്ച 1.65 കോടിയും നേടി. ഇപ്പോഴിതാ ചിത്രത്തിന്റെ തിങ്കളാഴ്ചയിലെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.
ഒരു റിലീസ് ചിത്രത്തിന് ഏറ്റവും വലിയ ഡ്രോപ്പ് ഉണ്ടാവുന്ന തിങ്കളാഴ്ച കാതല്‍ നേടിയിരിക്കുന്നത് 74 ലക്ഷം രൂപയാണ്. 50 ശതമാനത്തിലേറെ ഡ്രോപ്പ് ആണ് ഇത്. എന്നാല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയിരിക്കുന്ന ചിത്രം തുടര്‍ ദിനങ്ങളില്‍ കാര്യമായി തിയറ്ററുകളിലേക്ക് ആളെ എത്തിക്കുമെന്നാണ് ചലച്ചിത്രലോകത്തിന്റെ പ്രതീക്ഷ. അഞ്ച് ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 6.07 കോടി രൂപയാണ്. കേരളത്തിലെ മാത്രം കളക്ഷനാണ് ഇത്. കേരളത്തിന് പുറത്തും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് കാതല്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആഗോള കളക്ഷന്‍ കണക്കുകള്‍ ഇനിയും പുറത്തെത്തിയിട്ടില്ല. ഗൗരവമുള്ള പ്രമേയം പറയുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള പ്രതികരണം മികച്ചതാണെന്നാണ് വിലയിരുത്തല്‍.