”മമ്മൂക്ക തന്റെ താരമൂല്യമുപയോ​ഗിച്ച് വ്യത്യസ്തമായ സിനിമകൾ കാണാൻ പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുന്നു”; ബേസിൽ ജോസഫ്
1 min read

”മമ്മൂക്ക തന്റെ താരമൂല്യമുപയോ​ഗിച്ച് വ്യത്യസ്തമായ സിനിമകൾ കാണാൻ പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുന്നു”; ബേസിൽ ജോസഫ്

കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാള സിനിമയുടെ മുഖമുദ്ര. ഈയിടയായി ആ പ്രവണത കൂടി വരുന്നുണ്ട്. പ്രമേയത്തിൽ വ്യത്യസ്തത കൊണ്ട് വന്ന് പ്രേക്ഷകർക്ക് വിയത്യസ്തമായ സിനിമാനുഭവങ്ങൾ സമ്മാനിക്കാൻ സംവിധായകർ ശ്രമിക്കുന്നു. ഈ കാരണത്താൽ തന്നെ മലയാള സിനിമകൾ ലോകവ്യാപകമായി ചർച്ച ചെയ്യുന്നുമുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.

മമ്മൂക്ക തന്റെ താരമൂല്യം ഉപയോ​ഗിച്ച് വ്യത്യസ്തമായ സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുകയാണ് എന്നാണ് ബേസിൽ പറഞ്ഞത്. ​ഗലാട്ട പ്ലസിലെ മെ​ഗാ മലയാളം റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ”പ്രേക്ഷകർ എപ്പോഴും ക്ലാസ് സിനിമകൾ മാത്രമല്ല കാണുന്നത്. ഡ്രാമ സിനിമയും റൊമാൻസും എല്ലാം കാണുന്നുണ്ട്. പ്രേക്ഷകർക്ക് വേണ്ടത് ഒരുമിച്ച് വന്ന് കാണാൻ കഴിയുന്ന സിനിമകളാണ്.

അവർക്ക് സിനിമയുടെ ബഡ്ജറ്റ് ഒന്നും പ്രശ്നമല്ല. അവർക്ക് മാസ് സിനിമകളാണ് വേണ്ടതെന്ന് നമ്മൾ പറയുമ്പോഴും അവർക്ക് അത്തരം സിനിമകൾ മാത്രമല്ല വേണ്ടത്. നമ്മളാണ് മാസ് സിനിമകൾ അവർക്ക് നൽകുന്നത്. പ്രേക്ഷകർക്ക് വേണ്ടത് എല്ലാവരും ഒരുമിച്ചിരുന്ന് കാണാൻ ഒരു സിനിമയാണ്. രോമാഞ്ചം, ജയ് ജയ് ഹേ, ന്നാ താൻ കേസ് കൊട് എന്നീ സിനിമകളെല്ലാം ചെറിയ ബഡ്ജറ്റ് ചിത്രങ്ങളാണ്.

മമ്മൂക്ക ചെയ്യുന്നത് അത്തരം ചിത്രങ്ങളാണ്. അദ്ദേഹം വ്യത്യസ്തമായ ഉള്ളടക്കമുള്ള സിനിമകളിൽ അഭിനയിച്ച ശേഷം തന്റെ താരമൂല്യം ഉപയോ​ഗിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ട് വരികയാണ്. മമ്മൂക്ക റൊഷാക്ക് പോലെയുള്ള മിസ്റ്ററി ത്രില്ലർ സിനിമകൾ ചെയ്തിട്ടുണ്ട്. പുതുതായി അനൗൺസ് ചെയ്ത ബ്രഹ്മയു​ഗം ഒരു ഹൊറർ സിനിമയാണ്. മമ്മൂക്കയെ പോലെയുള്ള ഒരു നടൻ അത്തരം സിനിമകൾ ചെയ്യുമ്പോൾ ആളുകൾ തിയേറ്ററിലെത്തുന്നു”- ബേസിൽ പറയുന്നു.