എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന് നന്ദി മമ്മൂക്ക ; ജൊമോൾ
1 min read

എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന് നന്ദി മമ്മൂക്ക ; ജൊമോൾ

മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ കാതൽ എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോൾ.

കാതലിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോൾ ശബ്ദം നൽകിയത്. തിയറ്ററിൽ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ കേട്ടപോലെ എന്ന് ഒരോ പ്രേക്ഷകനും പറഞ്ഞിരുന്നു. ഒടുവിൽ ജോമോളാണ് ആ ശബ്ദത്തിന് ഉടമ എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ ആണ് നടിയുടെ പോസ്റ്റ്.

“കാതൽ-ദി കോർ എന്ന സിനിമയിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്ന് സംശയിച്ചു. എന്നാൽ ഇന്ന്, എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുക ആണ്. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക”, എന്നാണ് ജോമോൾ കുറിച്ചത്.

അതേസമയം, ജയ്ഗണേഷ് എന്ന ചിത്രത്തിൽ ആണ് ജോമോൾ അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തിൽ വക്കീൽ വേഷമാണ്. രഞ്ജിത്ത് ശങ്കർ ആണ് സംവിധാനം. മഹിമ നമ്പ്യാര്‍ നായികയായി എത്തുന്ന ചിത്രം ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് നിർമിക്കുന്നത്.

 

നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്തത്. ഇതുവരെ ചെയ്യാത്ത വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രത്തിൽ ജ്യോതിക ആണ് നായിക. മാത്യു ദേവസിയ്ക്കൊപ്പം തന്നെ ജ്യോതികയുടെ ഓമനയെയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്തു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ റിലീസ് ചെയ്ത നാലാമത്തെ സിനിമ കൂടി ആയിരുന്നു കാതൽ. കണ്ണൂർ സ്ക്വാഡ്, നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മറ്റ് മൂന്ന് സിനിമകൾ.