”മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്ന് പോകും, തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരം”; മനസ് തുറന്ന് അന്ന ബെൻ
1 min read

”മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്ന് പോകും, തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരം”; മനസ് തുറന്ന് അന്ന ബെൻ

സമൂഹത്തിൽ ചെറിയ തോതിലെങ്കിലും മാറ്റം വരുത്താൻ പാകത്തിലുള്ള ചിന്തകൾ പ്രസരിപ്പിക്കുന്നവയാണ് ജിയോബേബി സിനിമകൾ. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾക്ക് ശേഷം അദ്ദേഹം പ്രേക്ഷകരിലേക്കെത്തിച്ച ചിത്രമാണ് കാതൽ ദി കോർ. ഈ സിനിമയ്ക്ക് മലയാളത്തിന് പുറത്ത് നിന്ന് വരെ അഭിന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയ്ക്കൊപ്പം തന്നെ മമ്മൂട്ടി എന്ന നടന്റെ അസാധ്യ പെർഫോമൻസ് ആണ് അതിന് കാരണം.

ഇപ്പോൾ യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്നുപോകും. തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരമാണ് അദ്ദേഹം. എന്നും വെല്ലുവിളികൾ ഏറ്റെടുക്കുന്നയാൾ. ഇത്തരത്തിൽ സൂക്ഷ്‍മവും വേറിട്ടതുമായ ഒരു കഥാപാത്രത്തോട് നീതിപുലർത്തിയതിന് അങ്ങേയറ്റം ആദരവാണ് സർ. ഇത് ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു ജിയോ ബോബി, ഇങ്ങനെ ഹൃദയത്തിൽ ബാക്കിയാകുന്ന ഒരു സിനിമയ്‍ക്ക് അഭിനന്ദനം. ഓമനയെ പതർച്ചകളില്ലാതെ മികവോടെ അവതരിപ്പിച്ച താരമായ ജ്യോതിക. അങ്ങനെ കാതലിലെ ഓരോ താരങ്ങളെ കുറിച്ചും അഭിപ്രായപ്പെടാം, എനിക്ക് വാക്കുകൾ കിട്ടാതെ വരുന്നു എന്നും അന്ന ബെൻ എഴുതിയിരിക്കുന്നു.

മമ്മൂട്ടി വേഷപകർച്ചയിൽ വിസ്‍മയിപ്പിക്കുന്ന ചിത്രമാണ് കാതൽ എന്നാണ് പൊതുവെയുള്ള റിപ്പോർട്ടുകൾ. സിനിമ കണ്ട് ആരും തന്നെ താരത്തിന്റെ പെർഫോമൻസിനെ പരാമർശിക്കാതെ പോകുന്നില്ല. തെന്നിന്ത്യൻ താരം ജ്യോതികയാണ് കാതലിൽ നായികയായി എത്തിയത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു. ഛായാഗ്രഹണം സാലു കെ തോമസ്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ തുടങ്ങിയവരാണ് കാതലിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത് എന്നാണ് റിപ്പോർട്ട്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും റിലീസിനേ ലഭിച്ച പൊസിറ്റീവ് പ്രതികരണം കാതലിന്റെ കളക്ഷനിൽ പ്രതിഫലിക്കുന്നു എന്ന് വേണം കരുതാൻ. കളക്ഷൻ റെക്കോർഡുകൾ തിരുത്താൻ കാതൽ സിനിമയ്‍ക്ക് ആകില്ലെങ്കിലും മാന്യമായ വിജയം നേടും എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. എന്തായാലും മമ്മൂട്ടിയുടെ കാതലിന്റെ ആകെ കളക്ഷൻ എത്രയാകും എന്നത് ആകാംക്ഷയുമാണ്.