”മലയാള സിനിമയിൽ ഒരു പരാജിതനായി കടന്ന് വന്ന് പിന്നീട് കൊടുങ്കാറ്റായി മാറുന്ന ഒരു നായകനെയായിരുന്നു നമ്മൾ കണ്ടത്”: മോഹൻലാലിനെക്കുറിച്ച് ജ​ഗദീഷ്
1 min read

”മലയാള സിനിമയിൽ ഒരു പരാജിതനായി കടന്ന് വന്ന് പിന്നീട് കൊടുങ്കാറ്റായി മാറുന്ന ഒരു നായകനെയായിരുന്നു നമ്മൾ കണ്ടത്”: മോഹൻലാലിനെക്കുറിച്ച് ജ​ഗദീഷ്

മോഹൻലാലിന്റെ നേര് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ആകെ 100 കോടിയുടെ ബിസിനസ് ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകരെയുൾപ്പെടെ ഞെട്ടിച്ച് കളഞ്ഞു.

ജീത്തു ജോസഫ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മോഹൻലാൽ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് നേര് എന്നും പൊതുവെ ചിത്രത്തെക്കുറിച്ച് അഭിപ്രായമുണ്ട്. ജ​ഗദീഷും അനശ്വര രാജനുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയാണ് നടൻ ജഗദീഷ്. മലയാള സിനിമയിൽ പരാജിതനായി കടന്നുവന്ന് കൊടുങ്കാറ്റായി മാറിയ താരമാണ് മോഹൻലാൽ എന്നാണ് ജഗദീഷ് പറയുന്നത്. കൂടാതെ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് തങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

“ഒരു കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമുണ്ട് നേരിന്റെ പ്രൊമോഷൻ സമയത്ത് ഞങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞു. പ്രേക്ഷകരുടെ മുന്നിൽ സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞു. പ്രമോഷൻ സമയത്ത് സിനിമ വിജയിക്കാനുള്ള ഒരു അവകാശ വാദവും ഞങ്ങൾ നിരത്തിയിട്ടില്ല. അന്ന് പറഞ്ഞിരുന്നു മോഹൻലാൽ എന്ന നടന്റെ സൂക്ഷ്‌മമായ അഭിനയവും ചലനങ്ങളും ഭാവങ്ങളും കാണാമെന്ന്.

മലയാള സിനിമയിൽ ഒരു പരാജിതനായി കടന്ന് വന്ന് പിന്നീട് കൊടുങ്കാറ്റായി മാറുന്ന ഒരു നായകനെയായിരുന്നു പിന്നീട് നമ്മൾ കണ്ടത്. കയ്യടിയോടെയാണ് പ്രേക്ഷകർ ഓരോ സീനിലും സ്വീകരിച്ചത്.”- ജ​ഗദീഷ് പറയുന്നു. നേരിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.