”മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നത്”; മോണ്‍സ്റ്റര്‍ ഏറ്റെടുത്തതില്‍ നന്ദി പറഞ്ഞ് ഹണി റോസ്
1 min read

”മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നത്”; മോണ്‍സ്റ്റര്‍ ഏറ്റെടുത്തതില്‍ നന്ദി പറഞ്ഞ് ഹണി റോസ്

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച മോണ്‍സ്റ്റര്‍ ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു.

ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രത്തിന് ലഭിക്കുന്ന കയ്യടികളാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്ന റിവ്യൂകളില്‍ ഏറ്റവും കൂടുതല്‍ എടുത്ത് പറയുന്നത്. ഇപ്പോഴിതാ മോണ്‍സ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ വളരെയധികം സന്തോഷമെന്ന് പറയുകയാണ് ഹണി. മൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് തന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നതെന്നും ഇത്രയും വലിയൊരു കഥാപാത്രം ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാന്‍ പറ്റിയത് വലിയ ദൈവാനുഗ്രഹമാണെന്നും ഹണി പറയുന്നു.

‘വളരെ സന്തോഷം. എന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നത് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ്. അതും ഇത്രയും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാന്‍ പറ്റി എന്നുള്ളത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു. മോഹന്‍ലാല്‍ സാറിനൊപ്പം മുന്‍പും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്‌ക്രീന്‍ സ്‌പേയ്‌സ് കിട്ടിയിട്ടുള്ളൊരു കഥാപാത്രം വേറെയില്ല. മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനായി എന്ന് വിശ്വസിക്കുന്നു. നന്ദി പറയാനുള്ളത് മോഹന്‍ലാല്‍ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ്. എല്ലാവരും സിനിമ കാണണം. തീര്‍ച്ചയായും സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. വളരെ വ്യത്യസ്തമായിട്ടുള്ളൊരു സിനിമ ആയിരിക്കും ഇത് ‘ എന്നും ഹണി വ്യക്തമാക്കുന്നു.

ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ആദ്യമായാണ് താരം ഒരു മുഴുനീള സിഖ് വേഷത്തിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുലിമുരുകനില്‍ മുരുകന്‍ എന്നൊരു തനി നാടന്‍ കഥാപാത്രം മോഹന്‍ലാലിന് സമ്മാനിച്ച വൈശാഖും ഉദയകൃഷ്ണയും ഇക്കുറി ഏറെ വ്യത്യസ്തമായൊരു വേഷമാണ് താരത്തിന് നല്‍കിയിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാല്‍ സിഖ് വേഷത്തിലെത്തുന്നുണ്ടെങ്കിലും ലക്കി സിങ് എന്നത് പുകമറയാണെന്നും കഥാപാത്രം മറ്റെന്തൊക്കയോ നിഗൂഢതകള്‍ സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു പുറത്തിറങ്ങിയ ട്രെയിലര്‍.