വസ്ത്രത്തിന്റെ ഇറക്കം കുറ‍ഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി
1 min read

വസ്ത്രത്തിന്റെ ഇറക്കം കുറ‍ഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി

മ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ എത്തിയതോടെ മലയാള സിനിമയുടെ സീൻ മാറുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് പ്രിയത കൂടി ഇവിടെ. എന്നാൽ ഇതിനിടെ ചർച്ചകളിൽ നിറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബർ ലോകത്തെ ചർച്ചകളിൽ ഇടം നേടുന്നത്.

എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ ഒരു കഥ ആയാണ് ‘ഓളവും തീരവും’ പ്രിയദർശൻ സംവിധാനം ചെയ്തത്. എന്നാൽ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ട് ഈ സിനിമ എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അദ്ദേഹം ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

”അത് കൃത്യമായി പറയാനറിയില്ല, എങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിൽ എന്നാണ് ഞാൻ മനസിലാക്കുന്നത്. വളരെ ചെറിയ സിനിമയാണ്. 12 ദിവസം മാത്രമേ ചിത്രീകരണമുണ്ടായിരുന്നുള്ളൂ. ഏകദേശം 50 മിനുട്ടാണ് ദൈർഘ്യം” ഹരീഷ് പേരടി വ്യക്തമാക്കി. ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

അതേസമയം, 1970ൽ എംടിയുടെ തിരക്കഥയിൽ പി.എൻ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഓളവും തീരവും’. ഇതിന്റെ പുനരാവിഷ്‌ക്കാരമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്നത്. മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രമായാണ് മോഹാൻലാൽ സിനിമയിൽ എത്തുന്നത്. ഉഷാനന്ദിനി അവതരിപ്പിച്ച നബീസ എന്ന കഥാപാത്രത്തെ ദുർഗ കൃഷ്ണയാണ് സ്‌ക്രീനിലെത്തിക്കുക. ജോസ് പ്രകാശിന്റെ കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രത്തെയാണ് ഹരീഷ് പേരടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രണ്ടു വർഷത്തോളം എടുത്തായിരുന്നു ഓളവും തീരവും പി.എൻ മേനോൻ ഒരുക്കിയത്. സിനിമയുടെ ബജറ്റ് വലുതായതായി മാറി എന്നതായിരുന്നു അതിന് കാരണം. അത് മാത്രമല്ല, പൂർണമായും ഔട്ട്‌ഡോറിൽ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. അതുകൊണ്ട് സിനിമയ്ക്ക് വിതരണക്കാരെ കിട്ടിയിരുന്നില്ല. ഇത് മാത്രമല്ല, ഈ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വനിതാ ഓഫീസർ വിസമ്മതിച്ചിരുന്നു.

നായികയായ നബീസയുടെ ഉടുപ്പിന്റെ കൈക്ക് നീളം പോരാ, ഉടുത്തിരിക്കുന്ന മുണ്ട് വല്ലാതെ പൊക്കിയാണ് ഉടുത്തത് എന്നിങ്ങനെയായിരുന്നു സെൻസറിംഗ് നിഷേധിക്കാൻ കാരണങ്ങൾ. തുടർന്ന് വനിതാ ഓഫീസറോട് മലബാറിലെ മുസ്ലിം സ്ത്രീകളുടെ വേഷത്തെ കുറിച്ച് സംസാരിച്ച് മനസിലാക്കി കൊടുത്തതിന് ശേഷമായിരുന്നു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. 1970ൽ ഫെബ്രുവരി 27ന് ആയിരുന്നു സിനിമ പുറത്തിറങ്ങിയത്.