രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്
1 min read

രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്

യിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. പ്രശസ്ത സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്. ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രജനികാന്തിന്റെ കരിയറിലെ 170-മത് ചിത്രമായ വേട്ടയ്യൻ.

ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബാട്ടി, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് ചിത്രത്തിന്റെ നിർമ്മാണം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. എസ്. ആർ കതിർ ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.