‘മുന്നറിയിപ്പിലെ രാഘവനും ബിഗ് ബിയിലെ ബിലാലും ഇന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളാണ്’ ; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘മുന്നറിയിപ്പിലെ രാഘവനും ബിഗ് ബിയിലെ ബിലാലും ഇന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളാണ്’ ; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപനം മുതലേ വാര്‍ത്തകളിലിടം നേടിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സിനിമയുടെ പുറത്തുവരുന്ന ഓരോ പുതിയ അപ്‌ഡേറ്റുകളും സൂചിപ്പിക്കുന്നത്. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്’റോഷാക്ക്’. റോഷാക്കിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ട്രയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിയേയും അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങളേയും റോഷാക്ക് ചിത്രത്തേയും കുറിച്ച് നൗഫല്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പ് വായിക്കാം. മമ്മൂട്ടി എന്ന നടന്‍ പലപ്പോഴും വികാര വിക്ഷോപങ്ങളോ അതി നാടകീയമെന്ന് തോന്നുന്ന ഇമോഷണല്‍ രംഗങ്ങളിലോ ശബ്ദതത്തിന്റെ വ്യത്യസ്തമായ മോഡ്‌ലേഷന്‍ എന്നിവയിലൂടെയാണ് മികച്ച നടന്‍ ആവുന്നത് എന്ന് പലര്‍ക്കും ഒരു തെറ്റായ ധാരണയുണ്ട്. എന്നാല്‍ മമ്മൂട്ടി എന്ന നടനില്‍ നിന്നും അതിലും മാസ്മരികമായ മറ്റൊരു അഭിനയശേഷിയെ അദ്ദേഹം തന്നെയോ അല്ലെങ്കില്‍ പ്രേക്ഷകനോ വേണ്ട വിധം പരിഗണിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. മുന്നറിയിപ്പിലെ രാഘവനും ബിഗ് ബിയിലെ ബിലാലും അത്‌കൊണ്ട് തന്നെയാണ് മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിലെ മികച്ച കഥപാത്രങ്ങളായി ഞാന്‍ കണക്കാക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

സത്യത്തില്‍ എന്നെ ഞെട്ടിച്ച ഇന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളാണവ. നിഘൂഡമായ സത്യങ്ങളെ ഫിലോസഫികളുടെ കൂടിനുള്ളില്‍ ഒളിപ്പിച്ചു പ്രേക്ഷനെ ചിന്തിപ്പിച്ച അമ്പരപ്പിച്ച രാഘവന്റെ ഓരോ ചലനങ്ങളും അത്രയ്ക്ക് subtle ആയിരുന്നു. ഒരു കടല്‍ പോലെ ഉള്ളില്‍ ഒരുപാട് വികാരങ്ങള്‍ അലയടിക്കുമ്പോഴും ഇടയ്ക്ക് കണ്ണുകളിലൂടെ മാത്രം അവ പ്രേക്ഷകനോട് സംവദിക്കുന്ന ബിലാല്‍. വരാനിരിക്കുന്ന റോഷക്ക് എന്ന നിസാം ബഷീര്‍ ചിത്രത്തിന്റെ ട്രൈലെര്‍ കണ്ടപ്പോള്‍ അത്തരത്തില്‍ വളരെ SUBTLE ആയ മറ്റൊരു കഥാപാത്രം വരുന്നു എന്ന് തോന്നിപ്പിച്ചു. കത്തിരിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമീഷ് രവിയാണ് റോഷാക്ക് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.