‘മമ്മൂട്ടി കാവിപ്പടയുടെ നിരന്തര വേട്ടമൃ​ഗം’; എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?
1 min read

‘മമ്മൂട്ടി കാവിപ്പടയുടെ നിരന്തര വേട്ടമൃ​ഗം’; എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

ടനും മുൻ രാജ്യസഭാം​ഗവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ​ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം കുടുംബസമേതം എത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, മേനക, ഖുശ്ബു, സുരേഷ് കുമാർ എന്നിവരെല്ലാം വധൂവരൻമാരെ നേരിട്ട് ആശംസിക്കാൻ വേദിയിലെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹ വേദിയിലെ പ്രധാന ആകർഷണം. വധൂവരൻമാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദിയായിരുന്നു. മോദി പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് വിവാഹം നടന്നത്. ഇതിനിടെ ചിലർ മമ്മൂട്ടിയെ ഉപയോ​ഗിച്ച് ഇതൊരു വർ​​ഗീയ പ്രശ്നമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ദൃശ്യത്തെ ചിലർ ദുർവ്യാഖ്യാനിച്ചതായി കണ്ടിരുന്നു. ഇപ്പോൾ ഇതിനെതിരെ തൃശൂർ മെഡിക്കൽ കോളജിലെ ജീവനക്കാരനായ സന്ദീപ് ദാസ് എഴുതിയ ഒരു കുറിപ്പ് വൈറലാവുകയാണ്. മമ്മൂട്ടിക്കെതിരെ പ്രവർത്തിക്കുന്ന സംഘപരിവാർ ശക്തികളെ വിമർശിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

എന്തുകൊണ്ടാണ് കാവിപ്പട മമ്മൂട്ടിയെ നിരന്തരം ആക്രമിക്കുന്നത്? സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ദൃശ്യത്തെ ചിലർ ആഘോഷമാക്കുന്നുണ്ട്. ‘മാപ്പിള’ ആയ മമ്മൂട്ടി അപമാനിക്കപ്പെട്ടു എന്നാണ് സംഘമിത്രങ്ങളുടെ കണ്ടെത്തൽ! ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മമ്മൂട്ടി എപ്പോഴും ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടാണ്.

മമ്മൂട്ടി മരിച്ചുപോകണം എന്ന ആഗ്രഹം ക്യാമറയ്ക്കു മുമ്പിൽ വെച്ച് വിളിച്ചുപറഞ്ഞ ഒരു വർഗീയവാദിയെ നാം സമീപകാലത്ത് കണ്ടിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമ്മൂട്ടി വോട്ട് രേഖപ്പടുത്താനെത്തിയപ്പോൾ മിത്രങ്ങൾ പോളിങ്ങ് ബൂത്തിൽ സംഘർഷം ഉണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ അവർ മമ്മൂട്ടിയെ ‘മമ്മദ് ‘ എന്നാണ് വിളിക്കാറുള്ളത്. മമ്മൂട്ടി ഫാൻസിന് നൽകിയിട്ടുള്ള പേര് ‘കറാച്ചി ബോയ്സ് ‘ എന്നാണ്. വിദ്വേഷത്തിൻ്റെ വിഷം തുപ്പുന്ന വിശേഷണങ്ങൾ!

ശ്രീലങ്കയിൽ ഭീകരാക്രമണം ഉണ്ടായപ്പോൾ മമ്മൂട്ടി അതിന് സമാധാനം പറയണം എന്നുവരെ കാവിപ്പട തട്ടിവിട്ടിട്ടുണ്ട്! എന്തൊരു അസഹിഷ്ണുത!! മമ്മൂട്ടി എന്ന നടൻ ഇന്ത്യയുടെ പൊതുസ്വത്താണ്. നമ്മുടെ ഭരണഘടനയുടെ മുഖ്യശിൽപ്പിയായ അംബേദ്കറിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച അഭിനേതാവാണ് മമ്മൂട്ടി എന്ന കാര്യം ഓർക്കണം. പക്ഷേ മുസ്ലീം പേരുണ്ട് എന്ന ഒറ്റക്കാരണത്തിൻ്റെ പേരിൽ ഫാസിസ്റ്റുകൾ മമ്മൂട്ടിയെ വെറുക്കുന്നു!

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കത്തിനിന്ന കാലത്ത് മമ്മൂട്ടി ഇപ്രകാരം പ്രതികരിച്ചിരുന്നു- ജാതി,മതം,വർഗ്ഗം തുടങ്ങിയ പരിഗണനകൾക്ക് അതീതമായി ഉയർന്നാൽ മാത്രമേ നമുക്ക് ഒരു രാഷ്ട്രമെന്ന നിലയിൽ മുന്നേറാൻ സാധിക്കുകയുള്ളൂ. ആ കൂട്ടായ്മയ്ക്ക് എതിരെ വരുന്ന എന്തിനെയും നാം നിരുത്സാഹപ്പെടുത്തേണ്ടതാണ്…”

അങ്ങനെ പറഞ്ഞ മമ്മൂട്ടിയെ കാവിപ്പട സ്ഥിരമായി കല്ലെറിയുന്നു. കേരളത്തിൽ അധികാരം ഇല്ലാത്ത സമയത്ത് ഏറ്റവും പ്രിവിലേജ്ഡ് ആയ മമ്മൂട്ടിയ്ക്കെതിരെ പുലഭ്യം പറയാൻ അവർക്ക് ധൈര്യം വരുന്നു! വെറുതെ ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. കേരളത്തിൽ ഹിന്ദുത്വവാദികൾക്ക് ഭരണം കിട്ടിയാൽ എന്താകും സ്ഥിതി? ഏറ്റവും സാധാരണക്കാരായ ‘മാപ്പിള’മാർ പിന്നെ സമാധാനമായി കിടന്നുറങ്ങുമോ!?

ഇന്ത്യയിലെ മറ്റൊരു സൂപ്പർതാരമായ ഷാറൂഖ് ഖാൻ്റെ കാര്യത്തിലും ഇതുതന്നെയല്ലേ സംഭവിച്ചത്? ഈ രാജ്യത്തിൽ അസഹിഷ്ണുത നിലനിൽക്കുന്നു എന്ന് പറഞ്ഞുപോയതിൻ്റെ പേരിൽ കിങ്ങ് ഖാനും കുടുംബവും വർഷങ്ങളോളം വേട്ടയാടപ്പെട്ടില്ലേ? ഗൗരിയുടെ ഭർത്താവ് കൂടിയാണ് ഷാറൂഖ്. അയാൾ മനുഷ്യസ്നേഹത്തിൻ്റെ മഹത്തായ മാതൃകയാണെന്ന് തിരിച്ചറിയാൻ മതഭ്രാന്തൻമാർക്ക് സാധിച്ചില്ല.

കാവിപ്പടയെ ഏഴയലത്ത് പോലും അടുപ്പിക്കരുത്. ഇന്ന് മമ്മൂട്ടിയ്ക്ക് നേരെ ഉയരുന്ന വാൾ നാളെ നമുക്ക് നേരെ ബോംബായി വരും. കരുതിയിരിക്കുക. ജനാധിപത്യവും മനുഷ്യത്വവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരുക…