‘അന്വേഷിപ്പിൻ കണ്ടെത്തും’, കൗതുകമുണർത്തുന്ന ടീസർ; ടൊവിനോയ്ക്ക് ആശംസകളുമായി ഹൃത്വിക് റോഷൻ
1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’, കൗതുകമുണർത്തുന്ന ടീസർ; ടൊവിനോയ്ക്ക് ആശംസകളുമായി ഹൃത്വിക് റോഷൻ

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിലാകെ തരം​ഗമായിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ മാത്രം 2.6 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ ലൊക്കേഷൻ വീഡിയോയ്ക്കും നല്ല വരവേൽപ്പായിരുന്നു ലഭിച്ചത്.

ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നിഷാന്ത് സാഗർ, നന്ദു, ഷറഫു, ജിതിൻ ലാൽ, ഷൈജു ശ്രീധർ, ജിതിൻ പുത്തഞ്ചേരി, അദ്രി ജോ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, സലിം അഹമ്മദ്, വൈശാഖ്, ഷാഫി, ഷഹീദ് അറാഫാത്ത്, ജിനു വി എബഹാം, മാർത്താണ്ഡൻ, ഹനീഫ് അദേനി, കൃഷാന്ത്, അഖിൽ പോൾ, ഡീനോ ഡെന്നിസ്, അനൂപ് കണ്ണൻ, അരുൺ ഡൊമിനിക്ക്, തിരക്കഥാകൃത്തുക്കളായ എസ്.എൻ സ്വാമി, ഉദയകൃഷ്ണ, ദിലീഷ് നായർ, ഷബ്‌ന മുഹമ്മദ്, ഷറഫു തുടങ്ങിയവരെല്ലാം ലൊക്കേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്ത് വിട്ടത്.

ഇപ്പോൾ ടൊവിനോയ്ക്കും അന്വേഷിപ്പിൻ കണ്ടെത്തും സിനിമയ്ക്കും ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഹൃത്വിക്കിന്റെ പുതിയ ചിത്രം ഫൈറ്ററിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരുന്നു. ഇതിന് ആശംസകളറിയിച്ച് ടൊവിനോ ട്വീറ്റ് ചെയ്തിരുന്നു. അതിന് റീട്വീറ്റ് ആയാണ് ഹൃത്വിക് ആശംസ അറിയിച്ചത്. അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ടീസർ കൗതുകമുണർത്തുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.

‘പഠാന്’ ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിൽ ദീപിക പദുകോൺ, അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രസിപ്പിക്കുന്ന രം​ഗങ്ങളാൽ സമ്പന്നമാണ് ചിത്രത്തിന്റെ ട്രെയിലർ. പുൽവാമ, ബാലാകോട്ട് ഭീകരാക്രമണങ്ങൾക്കുള്ള സെെന്യത്തിൻ്റെ തിരിച്ചടിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ നൽകുന്ന സൂചന.

അതേസമയം അന്വേഷിപ്പിൻ കണ്ടെത്തും സിനിമ ഫെബ്രുവരി ഒൻപതിനാണ് തിയേറ്ററുകളിലെത്തുന്നത്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്, ഇരുവരും പുതുമുഖങ്ങളാണ്.