നൂറുകോടിക്കടുത് നേടിയ സീത രാമത്തിനു ശേഷം ഭാഗ്യ ജോഡി വീണ്ടും
1 min read

നൂറുകോടിക്കടുത് നേടിയ സീത രാമത്തിനു ശേഷം ഭാഗ്യ ജോഡി വീണ്ടും

ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘സീതാ രാമം’. കീർത്തി സുരേഷ് നായികയായ ‘മഹാനടിക്ക്’ ശേഷം ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. ദുൽഖർ സൽമാൻ – മൃണാൾ താക്കൂർ ജോഡിയെ സീതാ രാമം കണ്ട പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അത്തരത്തിലൊരു മികച്ച കെമിസ്ട്രി ആയിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവച്ചത്. റാം ആയി ദുൽഖറും സീതാമഹാലക്ഷ്മിയായി മൃണാളും എത്തിയപ്പോൾ സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല എന്നാണ് സിനിമ കണ്ടവർ പറഞ്ഞത്. സീതാ രാമത്തിന്റെ ഹിന്ദി – ഡബ്ബ് പതിപ്പ് സെപ്റ്റംബർ രണ്ടിന് പുറത്തിറങ്ങിയിരുന്നു. കൂടാതെ സെപ്റ്റംബർ 11- ന് ആമസോൺ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു.

രശ്മിക മന്ദാന, ഭൂമിക ചൗള, ഗൗതം വാസുദേവ് മേനോൻ, സുമന്ത്, പ്രകാശ് രാജ് തുടങ്ങിയ ഒട്ടനവധി താരനിരകളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴിതാ പുതിയൊരു സന്തോഷവാർത്തയാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ദുൽഖർ സൽമാൻ – മൃണാൾ താക്കൂർ ജോഡി വീണ്ടും ഒന്നിച്ചേക്കാം എന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. സീത രാമത്തിന്റെ സംവിധായകൻ ഹനു രാഘവപുടി തന്നെ സംവിധാനം ചെയ്യുന്ന മറ്റൊരു തെലുങ്ക് ചിത്രത്തിലാവും ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. സീത രാമൻ സിനിമ പ്രൊഡ്യൂസ് ചെയ്ത അശ്വിനി ദത്ത് തന്നെയാവും ഈ ചിത്രവും പ്രൊഡ്യൂസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ.

പുതിയൊരു ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വലിയ ആവേശത്തിലാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തെപ്പറ്റി മറ്റ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. മികച്ച പ്രേക്ഷക പിന്തുണ കിട്ടിയ സീത രാമത്തിന് ഒരു തുടർച്ചയോ റീമേക്കോ വേണമെന്ന ചർച്ചകൾ നടന്നിരുന്നു. എന്നാൽ സീതാ രാമം പോലൊരു ചിത്രം വീണ്ടും നിർമ്മിക്കാൻ സാധിക്കില്ല എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. അപൂർവമായാണ് സീത രാമം പോലൊരു ചിത്രം സംഭവിക്കുക എന്നും അതിന് പ്രക്വലോ സീക്വലോ നിർമ്മിക്കാൻ ആവില്ല എന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി.