‘മലയാള സിനിമയിലെ ജാതി – മത വെറി അതിജീവിച്ചത് മമ്മൂട്ടി’ ; ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഏതൊരു മേഖലയിലെയും വിഷയങ്ങളെക്കുറിച്ച് തന്റേതായ ഉറച്ച നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹ്യവിരുദ്ധമായി പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ എതിർക്കുകയും അവ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഇഷ്ട നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം സിനിമ മേഖലയിൽ നടക്കുന്ന വേർതിരിവുകളെ ചൂണ്ടിക്കാട്ടിയത്.ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ സിനിമ മേഖലകളിൽ ഒരുപാട് വേർതിരിവുകൾ നടക്കുന്നുണ്ട് എന്ന് ബിഷപ്പ് പറയുന്നു.ജാതി, മതം, രാഷ്ട്രീയം തുടങ്ങിയവ കേരളത്തിലെ മമ്മൂട്ടി – മോഹൻലാൽ ഫാൻസ് ക്ലബ്ബിന്റെ ഇന്റൻസിറ്റിയെ സ്വാധീനിക്കുന്നുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. സിനിമയിൽ നിന്നു പോലും രാഷ്ട്രീയത്തെ മാറ്റി നിർത്താൻ സാധിക്കില്ല എന്നാണ് ഇദ്ദേഹം പറയുന്നു.
ഇതിനുമുൻപും മലയാള സിനിമയിലെ ജാതി വിവേചനത്തെ കുറിച്ച് പല പ്രമുഖ നടന്മാരും സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ തുറന്നു പറഞ്ഞ നടന്മാരാണ് ജഗതി ശ്രീകുമാറും തിലകനും. മുൻപൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജഗദീശ്രയകുമാർ സിനിമാ മേഖലയിൽ നിന്ന് അനുഭവിച്ച ജാതി വിവേചനത്തെ പറ്റി പങ്കുവെച്ചിരുന്നു. സമപ്രായക്കാരായ നെടുമുടി വേണുവിനെയും ജഗതി ശ്രീകുമാറിനെയും സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായ ഒരു വ്യക്തി വേർതിരിച്ചു കണ്ടതായി ഇദ്ദേഹം പറയുന്നു. ആ വ്യക്തി ജഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ പേരു മാത്രം എടുത്തു വിളിക്കുകയും മറിച്ച് നെടുമുടി വേണുവിനെ ‘ഏട്ടൻ’ എന്ന് വിളിക്കുകയും ചെയ്തിരുന്നതായി ഇദ്ദേഹം പറയുന്നു. അടൂർ ഭാസിയും ജഗതി ശ്രീകുമാറിനോട് ജാതി സ്പിരിറ്റ് കാണിച്ചിട്ടുള്ളതായി അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.
മനോരമ ന്യൂസിന് തന്നെ നൽകിയ മറ്റൊരു അഭിമുഖത്തിൽ തിലകനും ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ‘ക്രിസ്ത്യാനി ആയതുകൊണ്ട് യേശുദാസ് എന്നാ പാട്ടുകാരന്റെ പ്രശസ്തിക്ക് എന്തെങ്കിലും കുറവ് പറ്റിയിട്ടുണ്ടോ’ എന്നും ‘ജഗതി ശ്രീകുമാറിനെ നമ്മൾ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടാണോ’ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് തിലകൻ അന്ന് സംസാരിച്ചത്. യേശുദാസ് എന്ന വ്യക്തി ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ ഫീൽഡിലോട്ട് വന്നിട്ടുള്ളതെന്ന് തിലകൻ പറയുന്നു. മാത്രമല്ല യേശുദാസ് എന്നതിന് പകരം ദാസൻ എന്നു മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പേര് എങ്കിൽ വളരെ നേരത്തെ ഈ ഫീൽഡിലേക്ക് വരാമായിരുന്നു എന്നും തിലകൻ വ്യക്തമാക്കുന്നു. അതുപോലെ തന്നെ ജഗതി ശ്രീകുമാർ നല്ലൊരു ആർട്ടിസ്റ്റ് ആണ്. അതിനാൽ മറ്റൊരാൾക്കും ജഗതി ശ്രീകുമാർ എന്ന കലാകാരനെbതളർത്താൻ കഴിയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇത്തരത്തിലൊരു തുറന്നുപറച്ചിലാണ് ബിഷപ്പും അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ ജാതിമത രാഷ്ട്രീയ ബാഗ്രൗണ്ട് അദ്ദേഹത്തെ ഒത്തിരി ഒറ്റപ്പെടുത്താനും ഡിഗ്രേഡ് ചെയ്യാനും കേരള സമൂഹം ഉപയോഗിച്ചിട്ടുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കുന്നു. “ജാതി വിവേചനം ഏറ്റവും കൂടുതൽ വ്യാകരിക്കുന്ന കേരളത്തിലെ മേഖല സിനിമയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. തുറന്നുപറഞ്ഞ തിലകനുണ്ട് പക്ഷേ അദ്ദേഹത്തെ നമ്മൾ ആരാക്കി. അദ്ദേഹമാണ് സത്യം പറഞ്ഞത്. അത് ഇന്നുമൊരു സത്യം തന്നെയാണ്. നെടുമുടി വേണു നിഷേധിച്ചാലും വേറെ ആര് നിഷേധിച്ചാലും ജാതിയുടെ അടിസ്ഥാനത്തിൽ വലിയ വിവേചനം കേരള സിനിമയിൽ ഉണ്ടെന്ന് ഞാൻ ഉറച്ച വിശ്വസിക്കുന്നു”. മലയാള സിനിമയിലെ വേർതിരിവുകളെ കുറിച്ച് ബിഷപ്പ് പറഞ്ഞ വാക്കുകളാണിത്. എല്ലാ മേഖലകളിലും വിവേചനം നിലനിൽക്കുന്നുണ്ട് എന്നും അത് കൂടുതലായിട്ടുള്ളത് സിനിമയിലാണെന്നും ഇദ്ദേഹം പറയുന്നു.