“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു
1 min read

“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു

സംവിധായകൻ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു സിനിമാ വ്യക്തിത്വമാണ് ടി. എസ്. സജി ‘ഇന്ത്യാഗേറ്റ്’, ‘ചിരിക്കുടുക്ക’, ‘ആഘോഷം’, ‘തില്ലാന തില്ലാന’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒട്ടനവധി സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടി. എസ്. സജി വർക്ക് ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ‘കോട്ടയം കുഞ്ഞച്ചനും’ ‘കിഴക്കൻ പത്രോസും’ ഇപ്പോൾ ഇതാ ടി. എസ്. സജി മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ എന്ന ചാനലിലൂടെയാണ് അദ്ദേഹം മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചത്. മമ്മൂട്ടിയെ വെച്ച് ഒരു കോമഡി സിനിമ ചെയ്യുമെന്നും അത് ‘രാജമാണിക്യം’ എന്ന ചിത്രത്തിന് മുകളിൽ നിൽക്കുന്ന സബ്ജക്ട് ആയിരിക്കും എന്നും സജി പറഞ്ഞു.

 

“മമ്മൂക്ക വെച്ച് ഒരു പടം ചെയ്യുകയാണെങ്കിൽ ഉറപ്പായും അത് കോമഡിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സിനിമയായിരിക്കും. സിനിമയിൽ ആക്ഷനും ഉണ്ടായിരിക്കും. ഒപ്പം മമ്മൂക്കയുടെ ഹാസ്യ രംഗങ്ങളും ഉണ്ടായിരിക്കും. കാരണം അദ്ദേഹത്തെ ഹാസ്യ രംഗങ്ങളിൽ എങ്ങനെ യൂസ് ചെയ്യണമെന്ന് എനിക്കറിയാം. ഉറപ്പായും അതൊരു ആക്ഷനും കോമഡിയും ചേർന്നൊരു സിനിമയായിരിക്കും. മമ്മൂട്ടിയെ പോലൊരു നടൻ തിരുവനന്തപുരം ഭാഷയും പറഞ്ഞ് ഫലിപ്പിക്കും എന്ന് തെളിയിച്ച ഒരു സിനിമയാണ് രാജമാണിക്യം. രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്. മമ്മൂക്കയുടെ കാര്യം പറഞ്ഞാൽ അദ്ദേഹം എല്ലാ കാര്യങ്ങളും ഭയങ്കരമായി ഒബ്സർവ് ചെയ്യും. അത് ലൊക്കേഷനിൽ വരുമ്പോൾ ആണെങ്കിലും അങ്ങനെ തന്നെയാണ്.

കിഴക്കൻ പത്രോസ് എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് എറണാകുളം കൊച്ചി മാർക്കറ്റിലായിരുന്നു. അവിടുത്തെ ആളുകൾ സംസാരിക്കുന്ന കടപ്പുറം ഭാഷ, വായ്ത്താരികൾ എല്ലാം പുള്ളി ശ്രദ്ധിക്കും. അത്തരം കാര്യങ്ങളിൽ ഒരു അപാര കഴിവുണ്ട് മമ്മൂക്കയ്ക്ക്. നമ്മൾ വിചാരിക്കും അദ്ദേഹം വെറുതെ പുസ്തകം വായിച്ചിരിക്കുകയാണെന്ന്. അല്ലെങ്കിൽ ആരോടെങ്കിലും സംസാരിച്ചിരിക്കുകയാണെന്ന്. പക്ഷേ ആരോട് സംസാരിച്ചിരുന്നാലും പുള്ളിയുടെ ഒരു ചെവി മറ്റുള്ള കാര്യങ്ങളിൽ ആയിരിക്കും. എല്ലാ ഭാഷകളും അതിമനോഹരമായി പുള്ളി പറയും. ആ കഴിവ് തന്നെയാണ് രാജമാണിക്യത്തിന്റെയും കോട്ടയം കുഞ്ഞച്ചന്റെയും ഒക്കെ വിജയരഹസ്യം”. ടി. എസ്. സജി പറയുന്നു.