‘നാടോടിക്കഥ പോലൊരു ചിത്രം എന്ന ആലോചനയിൽ നിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റിൽ എനിക്ക് തോന്നിയത്’; വിശേഷങ്ങളുമായി സത്യൻ അന്തിക്കാട്
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവരായാണ് കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ചത്. ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. തൊഴിലില്ലായ്മയായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം. അത്തരത്തിൽ ഒരു കഥയായിരുന്നു നാടോടിക്കാറ്റിലേത്. ദാസൻ – വിജയൻ കൂട്ടുകെട്ട് വീണ്ടും ‘പട്ടണപ്രവേശം’, ‘അക്കരെയക്കരെയക്കരെ’ എന്നീ ചിത്രങ്ങളിലും തുടർന്നു. ഈ രണ്ട് ചിത്രങ്ങൾ നാടോടിക്കാറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങിയവയാണ്. സത്യൻ അന്തിക്കാട് തന്നെയായിരുന്നു ഈ ചിത്രങ്ങൾ സംവിധാനം ചെയ്തത്. ദാസൻ – വിജയൻ കോമ്പോ വൻ വിജയമാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
മമ്മൂട്ടി സ്പെഷ്യൽ മാതൃഭൂമി സ്റ്റാർ സ്റ്റൈൽ മാസികയിലൂടെ സംവിധായകൻ സത്യൻ അന്തിക്കാട് ‘നാടോടിക്കാറ്റ്’ എന്ന ഹിറ്റ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന്റെ പേര് കണ്ടെത്തിയതിനു പിന്നിലെ മനോഹരമായ വിശേഷങ്ങളും ഇദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഒരുപാട് പേരുകൾ ചിത്രത്തിനായി ആലോചിച്ച് ശേഷമാണ് ‘നാടോടിക്കാറ്റ്’ എന്ന പേരിൽ എത്തിച്ചേർന്നത് എന്ന് ഇദ്ദേഹം പറയുന്നു. ചിത്രത്തിന് ഇടാനായി ആദ്യം മനസ്സിൽ കണ്ടിരുന്ന പേരുകളിൽ ഇദ്ദേഹത്തിന് ഒരു സംതൃപ്തിയും തോന്നിയിരുന്നില്ല. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പേരിൽ നാടോടികളെ പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമയിൽ പറയുന്നത്. അങ്ങനെയാണ് നാടോടിക്കഥ പോലൊരു ചിത്രം എന്ന ആലോചനയിൽ നിന്നും ‘നാടോടിക്കാറ്റ്’ എന്ന ടൈറ്റിൽ ഉണ്ടായത് എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
‘എവിടെയും കയറി ചെല്ലാവുന്ന കാറ്റുപോലെ ജീവിക്കുന്ന ചെറുപ്പക്കാരുടെ കഥ എന്ന രീതിയിലാണ് ആ ടൈറ്റിൽ ഞങ്ങൾ ഉറപ്പിച്ചത്’ എന്ന് സത്യൻ അന്തിക്കാട് പറയുന്നു. നാടോടിക്കാറ്റിന്റെ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത് പി. എൻ. മേനോനാണ്. അങ്ങനെ ചിത്രത്തിന്റെ സിക്സ്ഷീറ്റ് പോസ്റ്റർ തിരിച്ചിട്ട് അതിൽ മോഹൻലാലും ശ്രീനിവാസനും അറബി വേഷത്തിൽ നിൽക്കുന്ന പോസ്റ്റർ അച്ചടിച്ചു. ‘നാടോടിക്കാറ്റ്’ എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രം ആ പോസ്റ്റർ തന്നെയാണ് എന്നാണ് സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നത്. മമ്മൂട്ടി, ഐ. വി. ശശി, മോഹൻലാൽ, സീമ, സെഞ്ച്വറി കൊച്ചുമോൻ എന്നിവർ ചേർന്ന കാസിനോ കമ്പനിയുടെ ഹിറ്റ് ചിത്രമായിരുന്നു ‘നാടോടിക്കാറ്റ്’.