അന്ത ഭയം ഇറുക്കണം ഡാ..! ഹീറോയും വില്ലനും ഒരാൾ..? ; മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ പോസ്റ്റർ ചുമ്മാ തീ #ട്രെൻഡിംഗ്
1 min read

അന്ത ഭയം ഇറുക്കണം ഡാ..! ഹീറോയും വില്ലനും ഒരാൾ..? ; മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ പോസ്റ്റർ ചുമ്മാ തീ #ട്രെൻഡിംഗ്

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. 2022മെയിലായിരുന്നു മമ്മൂട്ടിയുടെ പേജില്‍ റോഷാക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. രക്തക്കറ പുരണ്ട ചാക്ക് തുണിയിലെ മുഖമൂടി ധരിച്ച്, കറുത്ത വേഷവുമായി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടി ആയിരുന്നു ഫസ്റ്റ് ലുക്കില്‍. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തുവിടുമെന്ന് മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം പങ്കുവച്ച് വ്യത്യസ്തമായ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ബ്ലെഡ് സ്റ്റെയ്ന്‍ ആണ് പോസ്റ്ററിലുള്ളത്.

ഇപ്പോഴിതാ സെക്കന്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു ഒന്നൊന്നര പോസ്റ്ററാണെന്നും തീ പാറിച്ചുവെന്നെല്ലാമാണ് പോസ്റ്ററിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍. ഒരൊറ്റ പോസ്റ്റര്‍ കൊണ്ടുമാത്രം ഹൈപ്പിന്റെ കൊടുമുടിയില്‍ നിന്നിരുന്ന റോഷാക്ക് ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണെന്നും ആരാധകര്‍ പറയുന്നു. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീരാത്തത്‌കൊണ്ടും ആറ് മലയാള ചിത്രങ്ങള്‍ നേരത്തെ ഓണത്തിന് റിലീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാലുമാണ് റോഷാക്കിന്റെ റിലീസ് നീട്ടിയത്.

മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിലെ മമ്മൂട്ടിയുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് റോഷാക്ക്. റോഷാക്ക് എന്നകൊണ്ട് അര്‍ത്ഥമാക്കുന്നത് റോഷാക്ക് ടെസ്റ്റ്, റോഷാക്ക് ഇന്‍ക്‌ബ്ലോട്ട് ടെസ്റ്റ് എന്നിങ്ങനെയാണ്. അറിവും വ്യക്തിത്വവും വിലയിരുത്തുന്നതിനും ചില മാനസിക അവസ്ഥകള്‍ കണ്ടെത്തുന്നതിനുമാണ് ഈ ടെസ്റ്റ് വ്യാപകമായി ഉപയോഗിച്ചു പോരുന്നത്. സിനിമയില്‍ ഈ പേരിന് എന്ത് ബന്ധം എന്ന് കാത്തിരുന്നു തന്നെ കാണാം.