”പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല, നിങ്ങളത് ശരിക്കും ഉപയോ​ഗിച്ചു”; നേര് കണ്ട് ജീത്തു ജോസഫിനെ അഭിനന്ദിച്ച് പ്രിയദർശൻ
1 min read

”പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല, നിങ്ങളത് ശരിക്കും ഉപയോ​ഗിച്ചു”; നേര് കണ്ട് ജീത്തു ജോസഫിനെ അഭിനന്ദിച്ച് പ്രിയദർശൻ

നേര് എന്ന ജീത്തു ജോസഫ് ചിത്രം മോഹൻലാലിന് ഏറെക്കാലത്തിന് ശേഷം ബ്രേക്ക് നൽകുമെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത് എന്നാണ് കണ്ടവരെല്ലാം പറയുന്നത്. പ്രകടനത്തിൽ വിസ്‍മയിപ്പിക്കുകയാണ് മോഹൻലാൽ. ഇതിനിടെ മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിനെ സംവിധായകൻ പ്രിയദദർശൻ അഭിനന്ദിച്ചത് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.

”പ്രതിഭയ്‍ക്ക് ഒരിക്കലും മങ്ങലേൽക്കില്ല. മോഹൻലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. നിങ്ങൾ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ” എന്നാണ് സംവിധായകൻ പ്രിയദർശൻ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായെത്തിയത്. ഭൂരിഭാ​ഗത്തിനും പ്രിയദർശന്റെ അഭിപ്രായം തന്നെയാണ്.

വക്കീൽ വേഷത്തിൽ മോഹൻലാൽ വർഷങ്ങൾക്ക് ശേഷം നേരിൽ എത്തിയപ്പോൾ വമ്പൻ വിജയമായി മാറുന്ന ഒരു കാഴ്‍ചയാണ് കാണാനാകുന്നത്. കഥാപാത്രമായി മോഹൻലാലിനെ കാണാനാകുന്നത് കുറേക്കാലത്തിന് ശേഷം നേരിലൂടെയാണ് എന്നാണ് പ്രേക്ഷകരിൽ മിക്കവരും അഭിപ്രായപ്പെടുന്നത്. നേരിലെ വിജയമോഹൻ എന്ന വക്കീൽ കഥാപാത്രമായി അത്രത്തോളം താദാത്മ്യം പ്രാപിച്ചിരിക്കുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ.

താരത്തിൽ എന്നതിലുപരിയായി ഒരു നടനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ആത്മവിശ്വാസം നഷ്‍ടപ്പെട്ട വിജയമോഹൻ പോകെപ്പോകെ ചിത്രത്തിൽ വിജയത്തിലേക്ക് എത്തുന്നത് മോഹൻലാലിന്റെ പക്വതയോടെയുളള പ്രകടനത്തിൽ വിസ്‍യത്തോടെയാണ് നോക്കിക്കാണാനാകുന്നത് എന്നാണ് നേര് കണ്ടവർ പറയുന്നത്.