“ഇതെന്ത് ന്യായം, സ്വന്തം ഈണം സ്വയം ആലപിക്കുന്നു ” : അനിരുദ്ധിന് വിമർശനം
1 min read

“ഇതെന്ത് ന്യായം, സ്വന്തം ഈണം സ്വയം ആലപിക്കുന്നു ” : അനിരുദ്ധിന് വിമർശനം

മെലഡി വേണോ… ഫാസ്റ്റ് നമ്പർ വേണോ അതോ കിടിലൻ ബിജിഎം മതിയോ… എന്തുവേണമെങ്കിലും അനിരുദ്ധിന്റെ കയ്യിൽ റെഡിയാണ്. നല്ല വെടിപ്പായി ചെയ്ത് തരും. അതുകൂടാതെ നല്ല ഒന്നാംതരമായി പാടിയും തരും. തെന്നിന്ത്യ കീഴടക്കിയതിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ. 32കാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. 21 വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു, പിന്നീട് നിരവധി ഹിറ്റുകൾ, ആഗോളതലത്തിൽ ട്രെൻഡിംഗായ ഗാനങ്ങൾ…. കോടികൾ പ്രതിഫലം. ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് ഈ ചെറുപ്പക്കാരന്റെ പേര്.


ഇന്ന് തെന്നിന്ത്യൻ പടങ്ങളുടെ ഹിറ്റ് ചേരുവയിൽ അനിരുദ്ധിന്റെ സം​ഗീതം ഇല്ലെങ്കിൽ എന്തോ ഒരു കുറവുള്ളതുപോലയാണ് ആരാധകന് അനുഭവപ്പെടാറുള്ളത്. പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ പറന്ന് റോക്ക്സ്റ്റാറായി മാറി കഴിഞ്ഞു അനിരുദ്ധ്. കോൺസേർട്ടും സം​ഗീത സംവിധാനവുമെല്ലാമായി ഇരുപത്തിനാല് മണിക്കൂറും അനിരുദ്ധ് ബിസിയാണ്. ജയിലർ കൂടി റിലീസ് ചെയ്തതോടെ തമിഴിലെ നമ്പർ താരമായി അനിരുദ്ധ് മാറി കഴിഞ്ഞു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ആദ്യത്തെ വൈറൽ ഹിറ്റെന്ന് പറയാവുന്ന വൈ ദിസ് കൊലവെറിയിലൂടെയാണ് അനിരുദ്ധ് പാട്ടുകൾ ആളുകളിലേക്ക് പടരാൻ തുടങ്ങിയത്.
എന്നാല്‍ ഒരു വശത്ത് തന്റെ വിപണി മൂല്യം കുത്തനെ ഉയരുമ്പോള്‍ മറുവശത്ത് വിമര്‍ശനവും ഇദ്ദേഹത്തിനു നേരിടേണ്ടി വരുകയാണ്.

സ്വന്തം ഈണങ്ങൾ സ്വയം ആലപിച്ച് അനിരുദ്ധ് മറ്റു ഗായകർക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണെന്നും പാട്ട് കൊണ്ട് മാത്രം ജീവിക്കുന്ന നിരവധി ഗായകരുണ്ടെന്നും  അനിരുദ്ധിന്റെ ഈ രീതി ശരിയല്ലെന്നുമാണ് ഉയരുന്ന വിമർശനം. വിഷയത്തിൽ നിരവധി പേരാണ് അഭിപ്രായപ്രകടനങ്ങളുമായി എത്തിയത്. അനിരുദ്ധിന്റെ സംഗീതത്തിൽ അടുത്തിടെ ഇറങ്ങിയ ഭൂരിഭാഗം ഗാനങ്ങളിലും അദ്ദേഹം തന്നെയാണ് പാടിയത്. ലിയോയിൽ രണ്ട് ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. രജനികാന്ത് ചിത്രം ജയിലറിലെ വൈറലായ ‘കാവാലാ’ ഗാനത്തിൽ ശിൽപ റാവുവിന്റെ സഹഗായകനായെത്തിയത് അനിരുദ്ധ് ആണ്.

ഇന്ന് യുവത്വത്തിന്റെ ഊർജവും പുതുമയും പ്രസരിപ്പിക്കുന്ന ഗാനങ്ങളുമായി പുതിയ തലമുറയിലെ ശ്രോതാക്കളെ ആകർഷിക്കുന്ന വ്യക്തിത്വമായി അനിരുദ്ധ് മാറിയിരിക്കുന്നു. നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റുന്ന സംഗീത സംവിധായകൻ കൂടിയാണ് അനിരുദ്ധ്. ആറ്റ്‌ലി ചിത്രം ജവാനിൽ 10 കോടിയാണ് അനിരുദ്ധ് ഈടാക്കിയത്. അതിനു മുൻപു വരെ, ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകൻ എന്ന റെക്കോർഡ് എ ആർ റഹ്മാന് സ്വന്തമായിരുന്നു. ജവാനിലൂടെ എ ആർ റഹ്മാനെ പ്രതിഫലത്തിന്റെ കാര്യത്തിൽ മറികടന്നിരിക്കുകയാണ് അനിരുദ്ധ്. സമീപകാലത്ത് രജനീകാന്തിന്റെ ജയിലറിനു വേണ്ടി അനിരുദ്ധ് ഒരുക്കിയ സംഗീതവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പ്രതിഫലത്തിനു പുറമെ ഒന്നര കോടി വിലയുള്ള പോർഷെ കാറും അനിരുദ്ധിന് സമ്മാനിച്ചാണ് നിർമാതാക്കൾ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.