സ്ഫടികത്തിന്റെ റീ-റിലീസിന് വിദേശത്ത് വമ്പൻ സ്വീകരണം
1 min read

സ്ഫടികത്തിന്റെ റീ-റിലീസിന് വിദേശത്ത് വമ്പൻ സ്വീകരണം

സിനിമ പ്രേക്ഷകർ തീയേറ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണ് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രം ആയ സ്ഫടികം ഇപ്പോൾ റീലീസ് ചെയ്തുകൊണ്ട് തിയേറ്ററിൽ വമ്പിച്ച പ്രതികരണവുമായി മുന്നേറുകയാണ്. മലയാളത്തിൽ ആദ്യമായാണ് ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിങ്ങിന് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 28നു മുൻപ് തിയേറ്ററിൽ എത്തിയ ചിത്രം   ടെലിവിഷനിലും മറ്റ് ചാനലുകളിലും കാണുന്ന പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിൽ  എത്തുമോ എന്ന സംശയത്തിലായിരുന്നു തിയേറ്റർ ഉടമകൾ. എന്നാൽ ആ സംശയങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തിയേറ്ററിലേക്ക് സിനിമ പ്രേക്ഷകരുടെ ഒഴുക്കാണ് കാണാൻ കഴിയുന്നത്. മികച്ച പ്രതികരണമാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഞായറാഴ്ച തിയേറ്ററിൽ റിലീസ് ചെയ്ത സിനിമ   നാല് ദിവസം കൊണ്ട് കേരളത്തിലെ 160 സ്‌ക്രീനുകളിൽ നിന്ന് മൂന്ന് കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. എന്നാൽ കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തുള്ള  സംസ്ഥാനങ്ങളിലും വിദേശ വിപണികളിലും ചിത്രത്തിന് ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്. കേരളം ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും 40 വിദേശ രാജ്യങ്ങളിലുമായി നൂറോളം സ്‌ക്രീനുകളിലാണ് സ്ഫടികം റിലീസ് ചെയ്തത്. യുകെയിലെയും അയർലൻഡിലെയും 46 സ്‌ക്രീനുകളിൽ നിന്നും ആദ്യ വാരാന്ത്യ കളക്ഷൻ 14,000 യൂറോയാണെന്നാണ് അനൗദ്യോഗികമായ റിപ്പോർട്ട്. അതായത് ഇന്ത്യൻ രൂപ 14 ലക്ഷം. ഈ വർഷം യുകെയിൽ റിലീസ് ചെയ്ത ഒരു മലയാളം ചിത്രത്തിന് ലഭിച്ച ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിനാണ് ഒന്നാം സ്ഥാനത്ത്.

റിലീസ് ചെയ്ത വാരാന്ത്യത്തിൽ ചിത്രം ജിസിസിയിൽ മാത്രമായി 56 ലക്ഷവും യുഎസിൽ 6.6 ലക്ഷവും കളക്ഷൻ നേടിയതായി ഇതിനോടൊപ്പം വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. യുകെയിൽ മോഹൻലാൽ ആരാധകരും മലയാളി സിനിമ ആസ്വാദകരും  ചെണ്ട മേളമുൾപ്പെടെയുള്ള സന്നാഹങ്ങളോടെയാണ് സ്ഫടികത്തിന്റെ രണ്ടാം വരവിനെ വരവേറ്റത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് സ്പടികത്തിലെ ആട് തോമ. ചാക്കോ മാഷിനും ആട് തോമയ്ക്കും മറ്റു കഥാപാത്രങ്ങൾക്കും വലിയ സ്വീകാര്യത തന്നെയാണ് റീലിസോടെ ആരാധകർ നൽകുന്നത്.