‘ബ്രോ ഡാഡി’ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല..!! ;  തുറന്നുപറഞ്ഞ് പൃഥ്വിരാജ്
1 min read

‘ബ്രോ ഡാഡി’ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല..!! ; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ഹോട്ട് സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെ്തത്. സഹോദരന്റെ പ്രസരിപ്പോടെ തകര്‍ത്തഭിനയിച്ച മോഹന്‍ലാലിന്റെ അച്ഛന്‍ വേഷം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കല്യാണി പ്രിയദര്‍ശന്‍, നടി മീന, ലാലു അലക്‌സ് തുടങ്ങിയവരെല്ലാം ചിത്രത്തിലെ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ബ്രോ ഡാഡി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ അല്ല എന്നാണ് ഇപ്പോള്‍ പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. പഴയ ലാലേട്ടനെ തിരിച്ചുകൊണ്ടുവരാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒരുപാട് പുതിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി.

രണ്ട് പുതിയ എഴുത്തുകാര്‍ ബ്രോ ഡാഡിയുടെ സ്‌ക്രിപ്റ്റുമായി വന്നപ്പോള്‍ അത് സംവിധാനം ചെയ്യണം എന്ന ഒരു ഉദ്ദേശവും തനിയ്ക്ക് ഉണ്ടായിരുന്നില്ല. മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്ന കാര്യവും ആലോചിച്ചിരുന്നില്ല. രണ്ടാമത്തെ ലോക്കഡൗണില്‍ മലയാള സിനിമാ വ്യവസായം ആകെ സ്തംഭിച്ച അവസരത്തിലാണ് ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. വലിയ പ്രീ പ്രൊഡക്ഷന്‍ പരിപാടി ഇല്ലാതെ ചെയ്യാന്‍ പറ്റുന്ന സിനിമ ആണ് എന്ന ചിന്തയില്‍ നിന്നാണ് ഈ സിനിമയുടെ സംവിധാനം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ലൂസിഫററിന്റെ സെക്കന്റ് പാര്‍ട്ടായ എമ്പുരാനാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തു വരുന്ന 3 സിനിമകളിലും നായക വേഷം കൈകാര്യം ചെയ്യുന്നത് മോഹന്‍ലാലാണ്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ബ്രോ ഡാഡിയുടെ തിരക്കഥ എഴുതിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.