മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റ് അടിക്കുമോ? തെലുങ്കിന് പുറമെ തമിഴിലും കന്നഡയിലും റിലീസിനൊരുങ്ങി ഭ്രമയു​ഗം
1 min read

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റ് അടിക്കുമോ? തെലുങ്കിന് പുറമെ തമിഴിലും കന്നഡയിലും റിലീസിനൊരുങ്ങി ഭ്രമയു​ഗം

ലയാള സിനിമകൾക്ക് ഇന്ന് കേരളത്തിന് പുറമെയുള്ള സ്ക്രീനുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് മലയാള സിനിമയുടെ മാർക്കറ്റ് വാല്യൂ കൂടിയത് കൊണ്ടാവണം. ഓവർസീസ് മാർക്കറ്റ് മുൻപ് ഗൾഫ് മാത്രമായിരുന്നെങ്കിൽ ഇന്നത് യുഎസ്, യുകെ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കൊക്കെ നീണ്ടിരിക്കുന്നു.
എന്നാൽ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീൻ കൗണ്ടോടെ റിലീസ് സംഭവിക്കുന്നുണ്ടെങ്കിലും മലയാളികളല്ലാത്ത പ്രേക്ഷകരിലേക്ക് ചിത്രങ്ങൾ കാര്യമായി എത്തിയിട്ടില്ല.

അതുകൊണ്ടുതന്നെ പാൻ ഇന്ത്യൻ എന്ന് വിളിക്കാവുന്ന ഒരു ഹിറ്റ് ഒരു മലയാള ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ഇനിയും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ അതിന് ഒരു സാധ്യത തെളിഞ്ഞിരിക്കുകയാണ്. മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗമാണ് മറ്റ് ഭാഷകളിലെ റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലായിരിക്കും ഭ്രമയു​ഗം റിലീസ് ചെയ്യുന്നത്.

ഫെബ്രുവരി 15നാണ് ഭ്രമയു​ഗം തിയറ്ററുകളിലെത്തിയത്. ഇതിന്റെ മലയാളം പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൻറെ മലയാളം പതിപ്പ് തന്നെയാണ് ആദ്യ ഘട്ടത്തിൽ മറ്റ് സംസ്ഥാന കേന്ദ്രങ്ങളിലും റിലീസ് ചെയ്യപ്പെട്ടത്. ഇത് മറുഭാഷാ പ്രേക്ഷകർക്കിടയിലും ചർച്ചയായിരുന്നു. അവരിൽ നിന്ന് സോഷ്യൽ മീഡിയ റിവ്യൂസും ലഭിച്ചിരുന്നു. പിന്നാലെ ചിത്രത്തിൻറെ തെലുങ്ക് പതിപ്പിൻറെ റിലീസ് നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ മലയാള സിനിമയെ സംബന്ധിച്ച് ആവേശം പകരുന്ന മറ്റൊരു പ്രഖ്യാപനം കൂടി നിർമ്മാതാക്കളിൽ നിന്ന് എത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ തമിഴ്, കന്നഡ പതിപ്പുകളും റിലീസ് ചെയ്യാൻ പോകുന്നു എന്നതാണ് അത്.

ഈ പതിപ്പുകളുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്ക് പതിപ്പ് എത്തുന്ന അതേദിവസം തന്നെ, ഫെബ്രുവരി 23 ന് തന്നെയാണ് തമിഴ്, കന്നഡ പതിപ്പുകളും തിയറ്ററുകളിൽ എത്തുക. അതത് ഭാഷാ പതിപ്പുകൾ അതതിടങ്ങളിലെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാൽ മലയാളത്തിന് ഒരു പുതിയ തുടക്കമാവും മമ്മൂട്ടിയും ഭ്രമയുഗവും ചേർന്ന് നൽകുക. ചിത്രത്തിൻറെ ബോക്സ് ഓഫീസ് കളക്ഷനെയും ഇത് വലിയ അളവിൽ സ്വാധീനിക്കും.