മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്; ഈ മാസം 15 മുതൽ സോണി ലൈവിൽ കാണാം
സാങ്കേതികതയുടെ എല്ലാവശങ്ങളും കൈക്കുമ്പിളിൽ ഉള്ള ഈ കാലത്ത്, ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ആ പരീക്ഷണത്തിന് ആയിരുന്നു ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം സാക്ഷി ആയത്. ഒടുവിൽ സിനിമ റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റി. സംവിധായകനും അഭിനേതാക്കളും വലിയ തോതിലുള്ള പ്രശംസകൾ സ്വന്തമാക്കി.
ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയുഗം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. ഹൊറർ മിസ്റ്ററി ത്രില്ലറായ ഈ ചിത്രം മാർച്ച് 15നാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. സോണി ലൈവിലായിരിക്കും പ്രേക്ഷകർക്ക് ഭ്രമയുഗം കാണാനാവുക. മമ്മൂട്ടി ഗ്രേ ഷേഡിലെത്തിയ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്. ഭൂതകാലത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ സിദ്ദാർത്ഥ്, അർജുൻ അശോകൻ, അമാൽഡ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫെബ്രുവരി 15നാണ് മമ്മൂട്ടി, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം അൻപത് കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. ഇതുവരെ 52 കോടി അടുപ്പിച്ച് ഭ്രമയുഗം നേടിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 27.73 കോടി എന്നാണ് നേരത്തെ നിർമ്മാതാക്കളിൽ ഒരാളായ ചക്രവർത്തി രാമചന്ദ്ര അറിയിച്ചിരുന്നത്.