50 കോടിക്ക് ഇനി ഏതാനും സംഖ്യകൾ മാത്രം; കൊടുമൺ പോറ്റി ഇതുവരെ നേടിയത്….
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയുഗം സിനിമ തരംഗമാവുകയാണ്. പ്രേക്ഷകരുടെ ഇടയിൽ നിന്ന് പോസിറ്റീവ് റെസ്പോൺസ് മാത്രം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം കൊയ്യുമെന്നുറപ്പായി. ആദ്യദിനം മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജിലൂടെയാണ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 44.5കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. അതും റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ. ആഗോളതലത്തിലുള്ള ഭ്രമയുഗം കളക്ഷനാണിത്. അടുത്ത രണ്ട് ദിവസത്തിൽ മമ്മൂട്ടി ചിത്രം 50കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അങ്ങനെ എങ്കിൽ ഈ വർഷം 50 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ സിനിമ ആകും ഭ്രമയുഗം.
നസ്ലിൻ- നമിത ബൈജു ചിത്രം പ്രേമലു ആണ് ഈ വർഷം ആദ്യം ഈ നേട്ടം കൊയ്ത ചിത്രം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവും 50കോടി ക്ലബ്ബ് നേടുമെന്നാണ് വിലയിരുത്തലുകൾ. ഫെബ്രുവരി 15ന് ആണ് ഭ്രമയുഗം റിലീസ് ചെയ്തത്. ഹൊറർ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ, അമാൽഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയ അഭിനേതാക്കൾ. അതേസമയം, ബസൂക്ക ആണ് മമ്മൂട്ടിയുടേതായി നിലവിൽ ചിത്രീകരണം നടക്കുന്ന ചിത്രം. ഡിനോ ഡെന്നിസ് ആണ് സംവിധാനം.