സോഷ്യല്‍ മീഡിയയില്‍ തരംഗമായ രണ്ട് പോസ്റ്ററുകള്‍ , ഭ്രമയുഗം റിലീസ് എന്ന് ? 
1 min read

സോഷ്യല്‍ മീഡിയയില്‍ തരംഗമായ രണ്ട് പോസ്റ്ററുകള്‍ , ഭ്രമയുഗം റിലീസ് എന്ന് ? 

സിനിമ പ്രമോഷന്‍ മെറ്റീരിയലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന പറയുന്നത് ചിത്രങ്ങളുടെ പോസ്റ്ററുകളാണ്. ഒരു സിനിമയുടെ പ്രഖ്യാപനം മുതല്‍ റിലീസ് ചെയ്ത് കഴിയുന്നത് വരെയും വളരെ പ്രധാനപ്പെട്ട റോളാണ് ഈ പോസ്റ്ററുകള്‍ വഹിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ നിന്നുതന്നെ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അത്രത്തോളം പ്രാധാന്യത്തോടെയാണ് ഓരോ പോസ്റ്ററും അണിയറക്കാര്‍ തയ്യാറാക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. അത്തരത്തില്‍ മലയാള സിനിമയില്‍ സമീപകാലത്ത് തരംഗമായി മാറിയ രണ്ട് പോസ്റ്ററുകള്‍ ഉണ്ട്. ഒന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്റേ’തും മറ്റൊന്ന് രാഹുല്‍ സദാശിവന്റെ ‘ഭ്രമയുഗ’ത്തിന്റേതും. രണ്ടും മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളാണ്.

ഭ്രമയുഗം ഹൊറര്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രത്തില്‍ ഭയാനകമായ ലുക്കിലാണ് മമമ്മൂട്ടിയെ കാണുന്നത്. ഒരു കസേരയില്‍ കൈ ചുരുട്ടിപിടിച്ച് ഇരിക്കുന്ന മമ്മൂട്ടിയെയാണ് ഫോട്ടോയില്‍ കാണുന്നത്. കൈയ്യില്‍ ഒരു മോതിരവും, കഴുത്തില്‍ ഒരു മാലയും മമ്മൂട്ടിയുടെ കഥാപാത്രം അണിഞ്ഞിരിക്കുന്നത് കാണാം. നി?ഗൂഢത ഉണര്‍ത്തുന്ന ഡെവിളിഷ് ചിരിയും നര പടര്‍ന്ന താടിയും മുടിയും തീഷ്ണമായ നോട്ടത്തോടെയും ഇരിക്കുന്ന മമ്മൂട്ടിയെ കാണാം അതില്‍. മമ്മൂട്ടിയുടെ ഏറെ ഹിറ്റായി മാറിയ വിധേയനിലെ ഭയങ്കര പട്ടേലറെ ഓര്‍മിപ്പിക്കുന്ന പോലെയാണ് ഈ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. അപ്‌ഡേറ്റ് പുറത്തിറങ്ങിയ ഉടന്‍ തന്നെ ആരാധകര്‍ ഒന്നടങ്കം അതേറ്റെടുത്തു.

‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

മലയാളത്തിന്റെ യുവ സംവിധായക നിരയില്‍ ശ്രദ്ധേയനായ ലിജോ ജോസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഗോദയ്ക്ക് സമാനമായ പരിസരത്ത്, കുടുമ കെട്ടി, കാലില്‍ തളയിട്ട് കഥാപാത്രത്തെ പൂര്‍ണതയിലെത്തിച്ചിരിക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാന്‍ സാധിച്ചിരുന്നു. മലയാളകിള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഈ പോസ്റ്ററും ഏവരും ഏറ്റെടുത്തു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേത്ര്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

വാലിബന്‍ റിലീസ് വിവരം പുറത്തുവന്നതിന് പിന്നാലെ ഭ്രമയുഗം എന്ന് റിലീസ് ചെയ്യുമെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. അതേ മാസം തന്നെ ഭ്രമയുഗവും റിലീസ് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ തമ്മില്‍ ക്ലാഷുണ്ടാകും എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ഭ്രമയുഗത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.