ആദ്യാവസാനം ടോട്ടല്‍ ഫണ്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്; രസം പിടിപ്പിച്ച് ‘തീപ്പൊരി ബെന്നി’, റിവ്യൂ വായിക്കാം
1 min read

ആദ്യാവസാനം ടോട്ടല്‍ ഫണ്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്; രസം പിടിപ്പിച്ച് ‘തീപ്പൊരി ബെന്നി’, റിവ്യൂ വായിക്കാം

പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നൊരു ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് തീപ്പൊരി ബെന്നി. രാഷ്ട്രീയം പ്രമേയമാക്കിയുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടികള്‍ തമ്മിലുള്ള പോര്, ക്യാമ്പസ് രാഷ്ട്രീയം, നാട്ടിലെ രാഷ്ട്രീയം എന്നിങ്ങനെ പോകുന്നു അത്തരം പ്രമേയങ്ങള്‍. ഇവയില്‍ നിന്നും വ്യത്യസ്തമായൊരു ആഖ്യാനവുമായി എത്തി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സിനിമയാണ് ‘തീപ്പൊരി ബെന്നി’. ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകരേവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിലെ മുതിര്‍ന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകനും ഒരുമിച്ചെത്തുന്ന സിനിമയെന്നതാണ് ‘തീപ്പൊരി ബെന്നി’യുടെ പ്രത്യേകത. ചിത്രം ഇന്നാണ് തിേയറ്ററില്‍ റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളില്‍ ചിരി വിതറുകയാണ്. ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ റിവ്യൂ വായിക്കാം.

റിവ്യൂ വായിക്കാം 

 

അടിയില്ല, വെട്ടില്ല, കുത്തില്ല, ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല, കുടുംബവുമൊന്നിച്ച് കാണാന്‍ പറ്റാത്തതായി ഒന്നുമില്ലാത്തൊരു പടം. അത്തരത്തിലൊരു സിനിമ ഈ കാലഘട്ടത്തില്‍ നന്നേ കുറവായിരിക്കുകയായിരുന്നു. അതിനൊരു ഉത്തരമായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍ നായകനായെത്തിയിരിക്കുന്ന ‘തീപ്പൊരി ബെന്നി’. അടിമുടി ടോട്ടല്‍ ഫണ്‍ മൂഡില്‍ എല്ലാം മറന്ന് ചിരിച്ച് രസിച്ച് കാണാന്‍ കഴിയുന്നൊരു സിനിമ, ‘തീപ്പൊരി ബെന്നി’യെ കുറിച്ച് ചുരക്കത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

 

കരിമണ്ണൂര്‍ എന്നൊരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ അനുഭാവിയായ വട്ടക്കുട്ടായില്‍ ചേട്ടായിയുടേയും, എന്നാല്‍ രാഷ്ട്രീയത്തെ വെറുക്കുന്ന മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് കുടുംബ പശ്ചാത്തലത്തില്‍ ചിത്രമൊരുക്കിയിരിക്കുന്നത്. നാട്ടുകാരെ സഹായിക്കാന്‍ സ്വന്തം വീടും പറമ്പും വരെ വില്‍ക്കാന്‍ മടിയില്ലാത്തയാളാണ് ജഗദീഷ് അവതരിപ്പിക്കുന്ന സഖാവ് വട്ടകുട്ടായില്‍ ചേട്ടായി എന്ന കഥാപാത്രം. എന്നാല്‍ അപ്പന്റെ രാഷ്ട്രീയം കണ്ടു കണ്ട് രാഷ്ട്രീയത്തോട് പൂര്‍ണ വിയോജിപ്പുള്ളയാളായി മാറിയ ആളാണ് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന ബെന്നി എന്ന കഥാപാത്രം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും തമാശകളുമൊക്കെയാണ് സിനിമയുടെ പ്രമേയം. ബെന്നിക്ക് കൂട്ടുകാരുണ്ട്, അയാള്‍ക്ക് പി എസ് സി പാസ്സായി ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ആകണമെന്ന സ്വപ്നങ്ങളുണ്ട്, ഒരു ചെറിയ പ്രണയമുണ്ട്. അങ്ങനെ ഒരു ശരാശരി മലയാളി യുവാവിന്റെ തനി പകര്‍പ്പ് തന്നെയാണ് ബെന്നി. ബെന്നിയുടെ പ്രണയിനിയായ പൊന്നിലയായി സിനിമയില്‍ എത്തിയിരിക്കുന്നത് മിന്നല്‍ മുരളിയിലൂടെ ശ്രദ്ധ നേടിയ ഫെമിന ജോര്‍ജ്ജാണ്.

സഖാവ് ചേട്ടായി എന്ന കഥാപാത്രമായി ജഗദീഷ് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു സഖാവ് ആര്‍ക്കെങ്കിലുമൊക്കെ എതിരെ എപ്പോഴും സമരം ചെയ്തുകൊണ്ടേയിരിക്കണം എന്ന പക്ഷക്കാരനാണ് അദ്ദേഹം. ഉക്രൈന്‍ യുദ്ധത്തിനെതിരെ പോലും നിരാഹാരമിരിക്കാന്‍ അയാള്‍ക്ക് മടിയില്ല. പാര്‍ട്ടിയെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുന്ന ചേട്ടായി എന്ന കഥാപാത്രമായി ജഗദീഷ് ജീവിക്കുകയായിരുന്നു. എന്നാല്‍ ഈ സമരം കൊണ്ടൊന്നും നാടും നിങ്ങളും നന്നായിട്ടില്ലെന്ന് തന്റെ അപ്പനോട് മുഖത്ത് നോക്കി ചോദിക്കാന്‍ പോലും മടിയില്ലാത്തയാളാണ് മകന്‍ ബെന്നി. പിഎസ്‌സി പരീക്ഷയെഴുതി എങ്ങനെയെങ്കിലും ഒരു സര്‍ക്കാര്‍ ജോലി നേടിയെടുക്കാനായുള്ള നെട്ടോട്ടത്തിലാണയാള്‍. സഖാവ് ചേട്ടായിയുടെ രാഷ്ട്രീയ നിലപാടുകളില്‍ ആകൃഷ്ടയായി പാര്‍ട്ടിയിലേക്കെത്തിയ അളാണ് പൊന്നില. പഞ്ചായത്ത് പ്രസിഡന്റ് തലം വരെ സ്വന്തം വ്യക്തിപ്രാഭവത്താല്‍ അവരെത്തിയിട്ടുണ്ട്. ഇവരുടെ മൂവരുടേയും ജീവിതത്തില്‍ സംഭവിക്കുന്ന രസകരവും സമ്മര്‍ദ്ധമേറ്റുന്നതുമായ ഏതാനും മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ആദര്‍ശ രാഷ്ട്രീയത്തേക്കാള്‍ പ്രായോഗിക രാഷ്ട്രീയം ആവശ്യമായുള്ള ഈ കാലഘട്ടത്തിന് ചേര്‍ന്നൊരു സന്ദേശവും സിനിമയുടെ ക്ലൈമാക്‌സില്‍ നല്‍കിയിട്ടുണ്ട്.

 

ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ്, ഡയാന ഹമീദ് തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. അര്‍ജുന്‍- ഷാജു – റാഫി കോമ്പനേഷന്‍ ഒട്ടേറെ ചിരി നിറയ്ക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നുണ്ട്. സമകാലീന രാഷ്ട്രീയവും അടുത്തിടെ നമ്മള്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതുമായ ഒട്ടേറെ കാര്യങ്ങളും കുടുംബ പ്രേക്ഷകരുടെ പള്‍സറിഞ്ഞ് ‘തീപ്പൊരി ബെന്നി’യില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. രോമാഞ്ചത്തിനും പ്രണയവിലാസത്തിനും ശേഷം വീണ്ടും കുടുംബപ്രേക്ഷകരുടെ പ്രിയം നേടാന്‍ കച്ചകെട്ടി തന്നെയാണ് ബെന്നിയായി ചിത്രത്തില്‍ അര്‍ജുന്‍ എത്തിയിരിക്കുന്നത്. ഏറെ രസകരമായാണ് ഈ കഥാപാത്രത്തെ അര്‍ജുന്‍ സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്.

വന്‍വിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം. പ്രായഭേദമെന്യേ ഏവര്‍ക്കും കണ്ടിരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഏറെ സരസമായാണ് ഇവര്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഒരു തനിനാടന്‍ പടം അണിയിച്ചൊരുക്കിയിരിക്കുന്നതില്‍ ദൃശ്യങ്ങളുടെ മനോഹാരിത ഏറെയാണ്. ശ്രീരാഗ് സജി ഈണം നല്‍കിയിരിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. എല്ലാം കൊണ്ടും പ്രേക്ഷക മനസ്സുകളില്‍ ചിരിയുടെ തീപ്പൊരികള്‍ സമ്മാനിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.