മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ #മെയ്ദിനാശംസകൾ
1 min read

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ #മെയ്ദിനാശംസകൾ

മെയ് 1 തൊഴിലാളി വർഗ്ഗ ദിനത്തിൽ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച മെയ്ദിനാശംസകൾ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിനേയും പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും സംബന്ധിച്ച പോസ്റ്റാണ് ബോബി ചെമ്മണ്ണൂർ ഇട്ടിരിക്കുന്നത്. “മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി” എന്ന തലക്കെട്ടോടെ മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് മെയ്ദിന ആശംസകൾ നേർന്നിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. ഒരു ട്രോൾ പോലെയാണ് ഈ പോസ്റ്റ് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

മലയാള സിനിമയുടെ നടനവിസ്മയം മോഹൻലാലിന്റെ സന്തത സഹചാരിയാണ് നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ. ഏകദേശം 20-25 വർഷങ്ങൾ നീണ്ട പരിചയമാണ് മോഹൻലാലുമായി ആന്റണി പെരുമ്പാവൂരിനുള്ളത്. നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1987-ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി മോഹൻലാലും ആന്റണിയും കണ്ടുമുട്ടുന്നത്. മോഹൻലാലിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്ന ആന്റണി പെരുമ്പാവൂർ പിന്നീട് മോഹൻലാലിന്റെ ഏറ്റവും വിശ്വസ്തനായ വ്യക്തിയായി കാലാന്തരത്തിൽ മാറുകയായിരുന്നു.

2000-ൽ ‘നരസിംഹം’ എന്ന അന്നത്തെ ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ സിനിമ നിർമ്മിച്ചുകൊണ്ട് മോഹൻലാലിന്റെ പിന്തുണയോടെ, ആശിർവാദങ്ങളോടെ, ‘ആശിർവാദ് സിനിമാസ്’ എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിക്കുകയും ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമാ നിർമ്മാണ കമ്പനിയാക്കി ആശീർവാദ് സിനിമാസ് മാറ്റുകയും ചെയത്തിൽ ആന്റണി പെരുമ്പാവൂർ വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോൾ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (FEUOK) പ്രസിഡന്റും കൂടിയാണ് ആന്റണി പെരുമ്പാവൂർ. തന്റെ എല്ലാം വിജയങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മോഹൻലാൽ സാർ തന്നെയാണ് എന്ന് ആന്റണി എപ്പോഴും ഉരുവിട്ടു പറയാറുണ്ട്.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന ഖ്യാതി നേടിയ ദൃശ്യം, അതുകഴിഞ്ഞ് ലൂസിഫർ, ഇപ്പോളിതാ ഒടിടി റിലീസായി എത്തിയ ദൃശ്യം 2 എന്നിവ ആശിർവാദ് സിനിമാസ് നിർമ്മിച്ച സിനിമകളാണ്. മലയാള സിനിമയിലെ ഏറ്റവും ബിഗ്ബഡ്ജറ്റ് മോഹൻലാൽ സിനിമ കുഞ്ഞാലി മറക്കാരിന്റെ ജീവിത കഥ ‘മരക്കാർ അറബികടലിന്റെ സിംഹം’ ആശിർവാദ് സിനിമാസ് നിർമ്മിച്ചു കഴിഞ്ഞു. ഈ ചരിത്ര സിനിമയ്ക്ക് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. ഉടൻ തന്നെ മരക്കാർ തിയറ്ററുകളിലെത്തും. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ‘ബറോസ്’ എന്ന 3ഡി ബഹുഭാഷാ ചിത്രം നിർമ്മിക്കുന്ന തിരക്കുകളിലാണ് ആന്റണി പെരുമ്പാവൂർ.

 

 

Leave a Reply