തിരുവനന്തപുരം ഏരീസ്പ്ലക്‌സില്‍ 10 ദിവസംകൊണ്ട് 50 ലക്ഷം നേടി ‘ഭീഷ്മ പർവ്വം’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞു തിയറ്ററുടമ

നായകനായി മമ്മൂട്ടിയും സംവിധായകനായി അമല്‍ നീരദും എത്തിയാല്‍ പിന്നെ ആ ചിത്രം ആരുടേയും പ്രതീക്ഷ തെറ്റിക്കില്ല. അതാണ് കുറച്ചു ദിവസങ്ങളായി ഭീഷ്മ പര്‍വം എന്ന ചിത്രം തിയേറ്ററില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന ഓളം. ആരാധകരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ബോക്‌സ്ഓഫീസിനെ തൂക്കിയടിച്ച് മൈക്കിളപ്പ തിയേറ്ററുകളില്‍ ആറാടുകയാണ്. പണം വാരി പടങ്ങളുടെ പട്ടികയില്‍ ആദ്യ നാല് ദിവസംകൊണ്ട് മോഹന്‍ലാലിന്റെ ലൂസിഫറിനെയാണ് ഭീഷ്മപര്‍വം മറികടന്ന് എത്തിയത്.

ആദ്യ നാല് ദിവസങ്ങള്‍കൊണ്ട് എട്ട് കോടിയ്ക്ക് മുകളിലാണ് ഈ ചിത്രം ഷെയര്‍ നേടിയതെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോക്ക് അറിയിച്ചിരുന്നു. കോവിഡ് എന്ന മഹാമാരി വന്നതോടെ തിയേറ്ററുകളെല്ലാം ഏറെ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ഈ പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും ഫിയോക് പ്രസിഡന്റ് പറയുകയുണ്ടായി. ചിത്രമിറങ്ങി രണ്ടാംവാരത്തിലും തിയേറ്ററുകളിലെല്ലാം ഹൗസ്ഫുള്‍ ആയി തുടരുകയാണ്. തിയേറ്റര്‍ ഉടമകളെല്ലാം തന്നെ വളരെ സന്തോഷത്തിലുമാണ്.

കേരളത്തിലെ തിയേറ്ററുകളിലേക്ക് മമ്മൂട്ടിയുടെ ഉല്‍സവകാലം മടങ്ങിയെത്തുകയാണ് ഭീഷ്മ പര്‍വം എന്ന ചിത്രത്തിലൂടെ. ഇപ്പോഴിതാ ഒരു തിയേറ്റര്‍ ഉടമയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കേരളത്തിലെ ഏറ്റവും മികച്ച തിയേറ്ററായ തിരുവനന്തപുരം ഏരീസ്പ്ലക്‌സില്‍ 10 ദിവസംകൊണ്ട് ഭീഷ്മപര്‍വ്വം നേടിയത് 50 ലക്ഷം രൂപയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്രയും കളക്ഷന്‍ എടുക്കുന്നത് ആദ്യമായാണ്.

മലയാള സിനിമയുമായി തിരുവനന്തപുരത്തിന് ഉള്ള ബന്ധം വെട്ടി മുറിക്കാന്‍ കഴിയില്ലെന്നും കാരണെ മലയാള സിനിമ പിറന്ന മണ്ണാണ് തിരുവന്തപുരമെന്നും പോസ്റ്റില്‍ പറയുന്നു. പുതുമകണ്ട് പല നടീനടന്മാരും തിരുവനന്തപുരം വിട്ട് പോയിരിക്കാം. പക്ഷേ കേരളത്തില്‍ സിനിമ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് ഈ മണ്ണില്‍ തന്നെയായിരിക്കുമെന്നതാണ് സത്യമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങള്‍ക്കെല്ലാം അഭിമാന നിമിഷമാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ഏഴ് ദിവസംകൊണ്ട് 30 കോടിയാണ് ചിത്രം നേടിയത്.

ആക്ഷനും ഡ്രാമയും പ്രണയവും ഫാമിലി സെന്റിമെന്റസും എല്ലാം ഒത്തിണക്കി കംപ്ലീറ്റ് എന്റെര്‍ടെയ്‌നറായാണ് അമല്‍ നീരദ് ഭീഷ്മപര്‍വം ഒരുക്കിയിരിക്കുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയ സുഷിന്‍ ശ്യാമിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ തന്നെ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഭീഷ്മ പര്‍വം 50 കോടി ക്ലബിലെത്തിയ വിവരവും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. വീക്കെന്‍ഡ് കളക്ഷനില്‍ ബാറ്റ്മാനേയും ലൂസിഫറിനേയും പഞ്ഞിക്കിട്ടാണ് ഭീഷ്മപര്‍വം മുന്നേറുന്നത്.

Related Posts