ബംഗളുരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘മേപ്പടിയാന്‍’ മികച്ച ചിത്രം; അഭിമാന നേട്ടവുമായി ഉണ്ണി മുകുന്ദൻ
1 min read

ബംഗളുരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘മേപ്പടിയാന്‍’ മികച്ച ചിത്രം; അഭിമാന നേട്ടവുമായി ഉണ്ണി മുകുന്ദൻ

ലയാള സിനിമയുടെ മസില്‍മാനായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തില്‍ ആക്ഷന്‍ നായകനായിട്ടായിരുന്നു ഉണ്ണിമുകുന്ദന്‍ പല സിനിമകളിലും എത്തിയത്. നടനില്‍ നിന്നും നിര്‍മാതാവിന്റെ കുപ്പായത്തിലേക്ക് എത്തിയ ഉണ്ണിയുടെ ചിത്രമാണ് മേപ്പടിയാന്‍. കുടുംബ നായകന്റെ ഗെറ്റപ്പിലാണ് ഉണ്ണി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും, തീര്‍ത്തും അപ്രതീക്ഷിതമായി നിര്‍മ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദന്‍ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു മോഹന്‍ ആണ്.

കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോള്‍ ചിത്രം ഓടിടിയില്‍ റിലീസ് ചെയ്തിരുന്നു. ആമസോണ്‍ പ്രൈമില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതോടെ ജയകൃഷ്ണനും കൂട്ടരും വീണ്ടും ചര്‍ച്ചാവിഷയമായി. 2019ല്‍ പ്രഖ്യാപിച്ച ചിത്രം ചില സാങ്കേടിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടിയാണ് മേപ്പടിയാന് ലഭിച്ചത്. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ മേപ്പടിയാന്‍ ചിത്രം മറ്റൊരു നേട്ടം കൂടി നേടിയിരിക്കുകയാണ്. അടുത്തിടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം ഇടംനേടിയെന്ന വാര്‍ത്ത വന്നിരുന്നു. 2021 ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി മേപ്പടിയാന്‍ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ സിനിമ മത്സര വിഭാഗത്തിലാണ് ‘മേപ്പടിയാന്‍’ പുരസ്‌കാരത്തിന് അര്‍ഹമായത്. ഉണ്ണിമുകുന്ദനാണഅ ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

100ല്‍ അധികം ഇന്ത്യന്‍ സിനിമകളുമായി മല്‍സരിച്ചാണ് മലയാള ചിത്രമായ മേപ്പടിയാന്‍ വിജയിച്ചത്. ഇന്ത്യന്‍ പനോരമ മത്സരത്തിന്റെ ഭാഗമായി മേപ്പടിയാന്‍ പുരസ്‌കാരത്തിന് അര്‍ഹമായത് അഭിമാന നിമിഷമാണെന്നും ഉണ്ണി കുറിച്ചു. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും സിനിമ കണ്ടവര്‍ക്കുമെല്ലാം ഇതൊരു അഭിമാന നിമിഷം തന്നെയാണ്. തന്റെ കൂടെ നിന്ന മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മികച്ച ചിത്രങ്ങളുമായി ഇനിയും തിരിച്ചുവരുവാന്‍ എന്നെ ഈ പുരസ്‌കാരം പ്രേരിപ്പിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.