
”മോഹൻലാലിനോട് ഒരു പടം ചെയ്യാമോയെന്ന് ചോദിച്ചു, സ്ക്രിപ്റ്റ് പോലും നോക്കാതെ എത്ര ദിവസം വേണം എന്നായിരുന്നു മറുചോദ്യം”; ബി ഉണ്ണികൃഷ്ണൻ
മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ രണ്ട് താരങ്ങൾ മലയാളത്തിൽ ഇനി ഉണ്ടാവാൻ സാധ്യത കുറവാണെന്ന് പറയുകയാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഒരേസമയം നടനും താരവുമായിരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, മോഹൻലാൽ എന്ന് പറയുന്ന നടൻ തിരക്കഥപോലും വായിച്ചുനോക്കാതെ ചെയ്ത ഒരു സിനിമ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് എന്നുമാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്.
“ഒരേസമയം താരവും വലിയ നടന്മാരും ആയിരിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ഇനി അങ്ങനെ സംഭവിക്കില്ല എന്നാണ്. നമുക്ക് പ്രവിചിക്കാൻ ആവില്ലെങ്കിൽപോലും അത് അങ്ങനെയാണ്. പല ഫാക്‌ടറുകൾ ഇതിന് പിറകിൽ ഉണ്ട്. ഗംഭീര സിനിമകൾ ചെയ്‌ത് നടനെന്ന നിലയിലും താരമെന്ന നിലയിലും അവർ സ്വയം നിർമിച്ച കാലഘട്ടത്തിലല്ല ഇന്ന് നമ്മൾ. അക്കാലത്ത് മൂന്നും നാലും സിനിമകൾ അവർ ഒരേ സമയം ചെയ്തിട്ടുണ്ട്.
അത്ര പ്രൊഡക്ടടീവ് ആയിരുന്നു ആ കാലം. ഒരു ദിവസം നാല് സിനിമകൾ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ. പിന്നെ അന്ന് ഈ പറയുന്ന പോലെയുള്ള നിശിതമായ ഒരു പടയൊരുക്കമല്ല ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത്. സിനിമ റിലീസ് ചെയ്യുക എന്ന് പറയുന്നത് ഒരു യുദ്ധവുമല്ല. അന്ന് ഒരു സുഹൃത്തോ നിർമാതാവോ വിളിച്ചാൽ അഭിനയിക്കാൻ അങ്ങ് പോകുകയാണ്. തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും എന്നോട് പറഞ്ഞ ഒരു കഥയുണ്ട്. ഒരു ഹോട്ടലിൻ്റെ ലോബിയിൽ അവരൊരു വിഷമഘട്ടത്തിൽ ഇരിക്കുമ്പോൾ വെറുതെ അത് വഴി നടന്നുപോയ ആളാണ് മോഹൻലാൽ.
മോഹൻലാലിനോട് ഇവർ ഒരു പടം ചെയ്‌തു തരാമോ എന്ന് ചോദിച്ചപ്പോൾ എത്ര ദിവസം വേണമെന്നാണ് തിരിച്ചുചോദിച്ചത്. 25 ദിവസം മതിയെന്ന് പറഞ്ഞപ്പോൾ രണ്ടായി തന്നാൽ മതിയോ എന്ന് ചോദിച്ചു. ആ സിനിമയാണ് രാജാവിൻ്റെ മകൻ. അത് ഒരിക്കലും അവർ സ്ക്രിപ്റ്റ് വായിച്ചൊന്നും ചെയ്‌ത ഒരു സംഗതിയല്ല. തമിഴിലാണെങ്കിൽ രജനികാന്തും കമൽ ഹാസനും ഉണ്ട്.
വിജയ് ഏറ്റവുമധികം മാർക്കറ്റുള്ള ആളാണ്. പക്ഷേ ഈ ഐക്കൺസിൻ്റെ ഒപ്പം നമുക്ക് പറയാൻ പറ്റുമോ എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്ര വലുതാണ് അവർ ഉണ്ടാക്കിയ ഓറ. അത്ര നല്ല പടങ്ങളാണ് അവർ സൃഷ്‌ടിച്ചിരിക്കുന്നത്. അത്തരത്തിലുള്ള സിനിമകൾ ഇന്ന് ചെയ്യണമെങ്കിൽ അത്രയും വൈവിധ്യമുള്ള സിനിമകൾ ഉണ്ടാകണം, ഒരേ വർഷം അത്തരത്തിൽ ചെയ്യാൻ കഴിയണം