ആ മമ്മൂട്ടി ചിത്രം തരുമോ?; അനുവാദം വാങ്ങാൻ കാത്തുനിന്നു സാക്ഷാൽ രജനീകാന്ത് !! ഒടുവിൽ സംഭവിച്ചത് നിരാശ
1 min read

ആ മമ്മൂട്ടി ചിത്രം തരുമോ?; അനുവാദം വാങ്ങാൻ കാത്തുനിന്നു സാക്ഷാൽ രജനീകാന്ത് !! ഒടുവിൽ സംഭവിച്ചത് നിരാശ

മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ രജനീകാന്തും നല്ല സുഹൃത്തുക്കളാണെന്നുള്ളത് ആരാധകർ എപ്പോഴും ആഘോഷിക്കാറുള്ള ഒരു വസ്തുതയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രവും ഒരേ വേദിയിൽ പങ്കെടുന്ന നിമിഷങ്ങളും ആരാധകർക്കും വലിയ ആവേശം നൽകുന്ന കാര്യമാണ്. ഒരു സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങിയ രജനീകാന്ത് പിന്നീട് ആ ആഗ്രഹം നടക്കാതെ പോയതുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചരിത്ര നേട്ടം ആയി ഇന്നും വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ന്യൂഡൽഹി’. മമ്മൂട്ടിയുടെയും സംവിധായകൻ ജോഷിയുടെയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി ന്യൂഡൽഹി ഇന്നും പ്രകീർത്തിക്കപ്പെടുമ്പോഴും മമ്മൂട്ടി എന്ന നടന്റെ സമാനതകളില്ലാത്ത ഏറ്റവും വലിയ തിരിച്ചു വരവായാണ് കൂടുതലായും വിലയിരുത്തപ്പെടുന്നത്. മലയാള സിനിമയെയും മമ്മൂട്ടിയുടെ കരിയറിനെയും മാറ്റിമറിച്ച ന്യൂഡൽഹി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 34 വർഷം കഴിയുകയാണ്. സമൂഹമാധ്യമങ്ങളിൽ മറ്റുമായി ചിത്രത്തെ സംബന്ധിക്കുന്ന പഴയ റിപ്പോർട്ടുകളും റെക്കോർഡുകളും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും വലിയ രീതിയിൽ ഫാൻസ് പേജുകളിലും മറ്റുമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാകുന്നത് ന്യൂഡൽഹി റീമേക്ക് ചെയ്യാനൊരുങ്ങിയ രജനീകാന്തിന്റെ വിഷയമാണ്.

ആ കാലയളവിൽ ന്യൂഡൽഹി എന്ന ചിത്രം നേടിയ വലിയ വിജയം ഇന്ത്യയിലെ മുഴുവൻ ഫിലിം ഇൻഡസ്ട്രിയിലും വലിയ ചർച്ചാവിഷയം തന്നെയായിരുന്നു. നൂറുശതമാനം വിജയം ഉറപ്പുള്ള കഥ,ആരാധകരെ തൃപ്തിപ്പെടുത്തുന്ന തിരക്കഥ എന്തുകൊണ്ടും ഈ ചിത്രം റീമേക്ക് ചെയ്ത് അതിൽ നായകനായി അഭിനയിക്കണമെന്ന് രജനീകാന്തിന് ആഗ്രഹമുണ്ടായി. ആ ആഗ്രഹത്തിന്റെ പുറത്ത് രജനീകാന്ത് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ കാണാൻ എത്തുകയും ന്യൂഡൽഹിയുടെ റീമേക്കിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അതിന്റെ റീമേയ്ക്ക് അവകാശം നൽകണമെന്നും അഭ്യർഥിക്കുകയുണ്ടായി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശമാണ് രജനീകാന്ത് അന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനോട് ചോദിച്ചത്. പക്ഷെ രജനീകാന്ത് എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, ഹിന്ദി റീമേക്ക് അവകാശം വിറ്റുപോയിരുന്നു. വലിയ പ്രതീക്ഷയോടെ ഹിന്ദിയിൽ തിരിച്ചുവരവ് നടത്താം എന്ന് കരുതിയ രജനീകാന്തിനു നിരാശയാണ് ഉണ്ടായത്. ഒരുപക്ഷെ രജനീകാന്തിന്റെ ആഗ്രഹം അന്ന് നടന്നിരുന്നുവെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ വലിയൊരു അത്ഭുതചിത്രം ആയി ന്യൂഡൽഹിയുടെ ഹിന്ദി വേർഷൻ മാറുമായിരുന്നു.

Leave a Reply