”അന്വേഷിപ്പിൻ കണ്ടെത്തും ഒരു റിസർച്ച് മെറ്റീരിയൽ; ഇവർ തുടക്കമിട്ടത് മലയാത്തിലെ നിശബ്ദവിപ്ലവത്തിന്”
1 min read

”അന്വേഷിപ്പിൻ കണ്ടെത്തും ഒരു റിസർച്ച് മെറ്റീരിയൽ; ഇവർ തുടക്കമിട്ടത് മലയാത്തിലെ നിശബ്ദവിപ്ലവത്തിന്”

”പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയി എന്ന് ഉറക്കെ പറഞ്ഞ ജനപ്രിയ സിനിമയിലെ ചക്രവർത്തിമാരുടെ നാട്ടിൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ജനം കൈയ്യടിക്കുന്നു എങ്കിൽ …. അതല്ലാതെ മറ്റെന്താണ് വിപ്ലവം!” അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ കണ്ട് ഒരു പ്രേക്ഷകൻ കുറിച്ചിട്ട വരികളാണിത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ സിനിമ പതിവ് ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമാ വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയ ചിത്രമാണെന്ന് നേരത്തേ അഭിപ്രായങ്ങളുണ്ടായിരുന്നു.

അതിനെ ശരിവെക്കുന്നതിലുപരി, കാര്യകാരണങ്ങൾ നിരത്തി ആളുകൾക്ക് വ്യക്തമായ ധാരണ നൽകുന്ന ഒരു കുറിപ്പാണ് സുരേഷ് ബാബു എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എൺപതുകളുടെ അവസാനത്തെയും, തൊണ്ണൂറുകളിലെയും കേരളത്തെ തേടുന്ന ഒരു ഗവേഷണ വിദ്യാർത്ഥി ,2024 ലെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ സിനിമയെ ഒരു റിസർച്ച് മെറ്റീരിയലായി സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. കൂടാതെ ഈ സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്യാമറ ​ഗൗതം ശങ്കർ, സൈജു ശ്രീധർ എഡിറ്റിങ്, സന്തോഷ് നാരായണന്റെ മ്യൂസിക് അങ്ങനെ നിരവധി പ്രതിഭകൾ അണിനിരന്നിട്ടുള്ള സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും..

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം), ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, മധുപാൽ എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ…

 

സിനിമ ഒരു ദേശത്തിൻ്റെ ഭൂപ്രകൃതിയും കാലവും ജീവിതവും പ്രേക്ഷകനെ അനുഭവിപ്പിക്കണമെന്ന് ആർക്കും ശാഠ്യം പിടിക്കാനാവില്ല.

പക്ഷേ, അവരറിയാതെ അവരെ അതു ബോധ്യപ്പെടുത്തുക എന്നത് ഫിലിം മേക്കറുടെ കൗശലവും രാഷ്ട്രീയവുമാണ്.
എൺപതുകളുടെ അവസാനത്തെയും, തൊണ്ണൂറുകളിലെയും കേരളത്തെ തേടുന്ന ഒരു ഗവേഷണ വിദ്യാർത്ഥി ,2024 ലെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ സിനിമയെ ഒരു റിസർച്ച് മെറ്റീരിയലായി സ്വീകരിക്കാൻ സാധ്യതയുണ്ട് .
ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുന്നു.
സിനിമാ ഗ്രൂപ്പുകളിലെ സാധാരണ പ്രേക്ഷകർ അത് ഓരോന്നും എടുത്തുപറഞ്ഞ് അവരുടെ ആഹ്ലാദം രേഖപ്പെടുത്തുന്നു!
തീയേറ്ററുകളിൽ സിനിമ നിറഞ്ഞ് ഓടുന്നു…….!
കലാസൃഷ്ടിയുടെ ആത്മാവിനെ തോണ്ടിയെടുത്ത് ഉയർത്തിക്കാട്ടേണ്ട നിരൂപക കേസരികൾക്ക് പണി ഇല്ലാതായിരിക്കുന്നു..!
എത്ര അസാധാരണവും, ആനന്ദദായകവുമാണ് ഈ കാഴ്ച!!!
മലയാള സിനിമ എഴുത്തിലും സംവിധാനത്തിലും അതിൻ്റെ സത്തയിലേക്കു തിരിച്ചു പോകുന്നതിൻ്റെയും, പാകപ്പെടുന്നതിൻ്റെയും സൂചനയാണ് ഈ സിനിമ .
പവിത്രൻ്റെ ഉത്തരം, മോഹൻ്റെ മുഖം എന്നീ ഗംഭീര സിനിമകൾ റിലീസായ കാലത്ത് സൂപ്പർ ഹിറ്റുകളായിരുന്നില്ല….
പക്ഷേ, അതേ സിനിമകൾ ,കേരളത്തിൻ്റെ പുതു തലമുറ ഹർഷാരവത്തോടെ സ്വീകരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു….അന്വേഷിപ്പിൻ കണ്ടെത്തും നിറഞ്ഞ സദസിൽ കാണുമ്പോൾ …..!
പുതിയ കാലത്തെ നമ്മുടെ ജനപ്രിയ ത്രില്ലർ സിനിമകളുടെ വാർപ്പു മാതൃകകളെ അപ്പാടെ നിരാകരിക്കുന്നുണ്ട് ഈ സിനിമ .
പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയി എന്ന് ഉറക്കെ പറഞ്ഞ ജനപ്രിയ സിനിമയിലെ ചക്രവർത്തിമാരുടെ നാട്ടിൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ജനം കൈയ്യടിക്കുന്നു എങ്കിൽ …. അതല്ലാതെ മറ്റെന്താണ് വിപ്ലവം!
മധ്യകേരളത്തിൻ്റെ മരച്ചീനതലപ്പുകൾക്ക് സിനിമയിൽ ഒരിക്കൽ കൂടി ഇടം കൊടുത്തതിന് ജിനുവിനും , ഡാർവിനും, ഡോൾവിനും, ഗൗതം ശങ്കറിനും നന്ദി.
ചരിത്രം മായിച്ചത് വായിച്ചെടുക്കുന്നതാണല്ലോ കല.