അനൂപ് മേനോനെ പരസ്യമായി വെല്ലുവിളിച്ച് അവതാരകൻ ജീവ ജോസഫ്; 21 ഗ്രാംസിൻ്റെ പോസ്റ്ററൊട്ടിക്കൽ ചലഞ്ച് വൈറൽ
1 min read

അനൂപ് മേനോനെ പരസ്യമായി വെല്ലുവിളിച്ച് അവതാരകൻ ജീവ ജോസഫ്; 21 ഗ്രാംസിൻ്റെ പോസ്റ്ററൊട്ടിക്കൽ ചലഞ്ച് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ അനൂപ് മേനോനെ പരസ്യമായി വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് അവതാരകനും നടനുമായ ജീവ ജോസഫ്. അനൂപ് മേനോൻ നായകനായെത്തുന്ന 21 ഗ്രാംസ് എന്ന സിനിമയുടെ പോസ്റ്റർ ഒട്ടിക്കാനാണ് വെല്ലുവിളിച്ചിരിക്കുന്നത്. നവാഗതനായ ബിബിൻ കൃഷ്ണ എഴുതി സംവിധാനം ചെയ്ത് മാർച്ച് 18ന് തിയറ്ററുകളിലെത്തുന്ന ക്രൈം ത്രില്ലർ സിനിമയാണ് 21 ഗ്രാംസ്. റിനീഷാണ് സിനിമ നിർമ്മിക്കുന്നത്.

തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അനൂപ് മേനോനേയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെയും ചാലഞ്ച് ചെയ്യുന്ന ജീവയുടെ വീഡിയോ ഇതിനോടകം വൈറലായി മാറി. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് പരിസരത്ത് 21 ഗ്രാംസിൻ്റെ പോസ്റ്ററൊട്ടിക്കാൻ ജീവ എത്തിയിരുന്നു. ഒരു മതിൽ മുഴുവൻ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. കൂട്ടിന് കുറച്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു. വളരെ രസകരമായ രീതിയിലാണ് സിനിമയുടെ പോസ്റ്റർ ഒട്ടിച്ചത്.

മാത്രമല്ല ഈ സമയത്ത് പോസ്റ്റർ ഒട്ടിക്കുന്ന എല്ലാം ചേട്ടന്മാരോടും വളരെയധികം ബഹുമാനം തോന്നുന്നെന്നും താരം പറഞ്ഞു. താൻ ചെയ്തതു പോലെ 21 ഗ്രാംസിൻ്റെ പോസ്റ്റർ ഒട്ടിക്കുന്ന ചലഞ്ച് ടീമിലെ എല്ലാവർക്കും വേണ്ടി മുന്നോട്ടു വയ്ക്കുന്നു എന്നാണ് താരം പറയുന്നത്. അനൂപ് മേനോൻ, അനു മോഹൻ, റിനീഷ്, വിവേക്, ബിപിൻ തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞ് ചാലഞ്ച് ചെയ്യുകയും, അവരെ വീഡിയോയിൽ മെൻഷൻ ചെയ്യുകയും ചെയ്തു.

ഇതിനോടകം തന്നെ ജീവ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതോടൊപ്പം തന്നെ 21 ഗ്രാംസ് എന്ന സിനിമ കാണാനുള്ള ആരാധകരുടെ ആകാംക്ഷയും വർദ്ധിക്കുകയാണ്. സിനിമയുടെ ട്രെയിലർ നേരത്തെ പുറത്തു വരികയും ആരാധകർ അതേറ്റെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല സിനിമയിലെ ആദ്യ പാട്ടും, ക്യാരക്ടർ പോസ്റ്ററുകളും പുറത്തു വന്നിരുന്നു. വളരെ ക്രൂരമായ കൊലപാതകങ്ങളും, അത് അന്വേഷിച്ച് കണ്ടെത്തുന്നതുമാണ് സിനിമയിലെ കഥ രീതി.

അനൂപ് മേനോൻ, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റിലീസ് ചെയ്യാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള സിനിമ പ്രേക്ഷകർക്ക് വളരെയധികം പ്രതീക്ഷയാണ് നൽകുന്നത്.