“റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടൻ!” : മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രൻ
നേരം, പ്രേമം എന്നീ സിനിമകളിലൂടെ യുവാക്കളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ്
അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ചെറിയ ഹൈപ്പിൽ വന്ന് വൻ വിജയം ആവാറാണ് പതിവ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് ആണ് ഇനി അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. ‘പ്രേമം’ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് ഗോള്‍ഡുമായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ വോളുകളിൽ കുറിക്കാറുണ്ട്. അതുപോലെ അദ്ദേഹം ഇന്ന് ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്.
മാസങ്ങൾക്കുമുമ്പ് ആരാധകർ ആഘോഷമാക്കിയ ഭീഷ്മപർവ്വം എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്. ഭീഷ്മ പര്‍വ്വം തകര്‍ത്തുവെന്നും. ഭീഷ്മ പര്‍വ്വം ടീമിന് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. സിനിമക്ക് അടിപൊളി ലുക്കും ഫീലും ഉണ്ടാക്കിയ സംവിധായകൻ അമല്‍ നീരദിനോടും ആനന്ദി സി. ചന്ദ്രനോടുമുള്ള പ്രത്യേക സ്നേഹവും അദ്ദേഹം കുറുപ്പിൽ ചേർത്തിട്ടുണ്ട്.
ഏറെ നാളുകൾ അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വും ആവേശവും നല്കിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. കാണികളെ 100 ശതമാനം പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയെത്തിയ സിനിമ വൻവിജയമായിരുന്നു. എല്ലാ ഫേസ്ബുക്ക് പോസ്റ്റിലും കമന്റ് ചെയ്യുന്ന ആരാധകരോട് സംവദിക്കാൻ അല്‍ഫോണ്‍സ് മടി കാണിക്കാറില്ല.
‘ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടി സാറെന്നും, ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ആത്മാവ് കൊണ്ടുവരുന്ന അപൂര്‍വം നടന്മാരില് ഒരാളാണ് അദ്ദേഹമെന്നും അല്‍ഫോണ്‍സ് കുറിച്ചു.
മമ്മൂട്ടി സ്റ്റാര്‍ഡം ഇല്ലാത്ത അത്ഭുത മനുഷ്യനാണെന്നും മഹാനായ അദ്ദേഹത്തോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ടെന്നും എഴുതിയ ഒരു കമന്റിന് അല്‍ഫോണ്‍സ് നല്കിയ മറുപടി ‘സത്യം. റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടനാണ് അദ്ദേഹമെന്നുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലും തമിഴ്നാടിലും ലോകത്തിലും തന്നെയുള്ള വിലപിടിപ്പുള്ള രത്നമാണ് മമ്മൂട്ടിയെന്നും അൽഫോൺസ് എഴുതി. കൂടാതെ മാസങ്ങൾക്ക് മുമ്പേ ഇറങ്ങിയെങ്കിലും ഇന്നാണ് താന്‍ ഭീഷ്മ പര്‍വ്വം സിനിമ കണ്ടതെന്നും അല്‍ഫോണ്‍സ് കുറിച്ചു.
മൈക്കിളപ്പനായി മമ്മൂട്ടി തകർത്ത് അഭിനയിച്ച ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടി. ബിഗ് ബി എന്ന സിനിമ പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നകാര്യം തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ച വലിയ ഹൈപ്പിന് കാരണം.