“ബാറോസിൽ മോഹൻലാൽ മാജിക് കാണികളെ പിടിച്ചിരുത്തും” : സന്തോഷ് ശിവൻ
1 min read

“ബാറോസിൽ മോഹൻലാൽ മാജിക് കാണികളെ പിടിച്ചിരുത്തും” : സന്തോഷ് ശിവൻ

ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും സന്തോഷ് ശിവനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാറോസ്. അതി പുരാതന കഥകളിലെ നിഗൂഡതകൾ തനിമ ചോരാതെ ഒപ്പിയെടുക്കുന്ന സന്തോഷ് ശിവൻ മാജിക് ബാറോസിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് കാണികൾ. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ പ്രേക്ഷകർക്ക് മോഹൻലാൽ മാജിക്കാണ് കാണാനാകുക എന്നാണ് സന്തോഷ് ശിവൻ അഭിപ്രായപ്പെടുന്നത്. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബറോസിന്റെ വിശേഷങ്ങൾ ഛായാഗ്രാഹകൻ കൂടിയായ സന്തോഷ് ശിവൻ പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം തന്റെ പുതിയ ചിത്രമായ ജാക് ആൻഡ് ജില്ലിനെ കുറിച്ചും അദ്ദേഹം വാചാലനായി.

മോഹൻലാലുമായി വർഷങ്ങളായുള്ള ബന്ധമാണ്. അദ്ദേഹം ഒരു വിഷ്വൽ ആർട്ടിസ്റ്റാണ്. എല്ലാം ഒറിജിനലായി അദ്ദേഹത്തിന് ചെയ്യണം. ഒന്നും അനുകരിക്കുന്ന ശീലം മോഹൻലാലിനില്ല. അസാധ്യമായ പല ഷോട്ടുകളും മോഹൻലാൽ അനായാസമായി കൈകാര്യംചെയ്യും. കോവിഡ് കാലത്ത് നേരംപോക്കിനായി ചെയ്യുന്ന പടമെടുപ്പുകൾ അദ്ദേഹം എനിക്ക് അയച്ചുതരുമായിരുന്നു.അതിൽനിന്നെല്ലാം അദ്ദേഹത്തിന്റെ കഴിവിൽ എനിക്ക് പൂർണ്ണ വിശ്വാസമാണ്. സന്തോഷ് ശിവൻ പറഞ്ഞു. പൂർണ്ണമായും 3d യിൽ ഒരുക്കുന്ന ബാറോസ് ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം പോർച്ചുഗലിൽ നടക്കുകയാണ്. മോഹന്‍ലാലിന്‍റെ മകള്‍ വിസ്‍മയയും കീര്‍ത്തി സുരേഷിന്‍റെ സഹോദരി രേവതി സുരേഷും സംവിധാന സഹായിയായി ‘ബറോസി’ല്‍ മോഹന്‍ലാലിനൊപ്പം ഉണ്ടാവും.

ഇപ്പോഴത്തെ വിശേഷം ജാക് ആൻഡ് ജിൽ തന്നെയാണെന്നും ചിത്രത്തിൽ കുട്ടിത്തം നിറഞ്ഞ പഴയ മഞ്ജുവിനെ തിരിച്ചു കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്നും സന്തോഷ് ശിവൻ പറഞ്ഞു. മഞ്ജു വാര്യരുടെ സ്വഭാവം വെള്ളം പോലെയാണ്. ചിലപ്പോൾ നിശ്ചലമാണ്, ചിലപ്പോൾ വെള്ളച്ചാട്ടം പോലെ ദേഷ്യം വരും, ചിലപ്പോൾ ചെറുതായി ഒഴുകി പോകും ചിലപ്പോൾ മഞ്ജു വെള്ളത്തുള്ളി പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഞ്ജു വാര്യർ തനിക്ക് ഏറേ പ്രിയപ്പെട്ട നടിയാണെന്നും മഞ്ജുവിനോടൊപ്പം സിനിമ ചെയ്യാനുള്ള അവസരം തനിക്കിപ്പോഴാണുണ്ടായതെന്നും സന്തോഷ് ശിവൻ പ്രതികരിച്ചു.

പ്രമേയം കൊണ്ടും പുതുമ കൊണ്ടും പ്രേക്ഷകപ്രീതി നേടിയ ഉറുമി, അനന്തഭദ്രം തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം വർഷങ്ങൾക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് ജാക് ആൻഡ് ജിൽ. പതിവ് സന്തോഷ് ശിവൻ ചിത്രങ്ങളുടെ ദൃശ്യാനുഭവം ഒട്ടും ചോരാതെ ഒരുക്കിയ സയൻസ് ഫിക്ഷനാണ് ജാക് ആൻഡ് ജിൽ. അനന്ത ഭദ്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നും വ്യത്യസ്തങ്ങളായ പുതിയ ചിത്രങ്ങൾ ചെയ്യുന്നതാണ് കൂടുതൽ താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

കാവും ഭഗവതിയും ചരിത്രങ്ങളും കോർത്തിണക്കിയ രംഗങ്ങളാണ് സിനിമയിലെ പതിവ് സന്തോഷ് ശിവൻ ടച്ച്. അതിനോട് താൽപര്യം കൂടാൻ കാരണം താനൊരു ഹരിപ്പാട്ട് കാരനാണെന്നും ചെറുപ്പത്തിൽ കളിച്ചു വളർന്ന മണ്ണാർശ്ശാലയും കാവും കുളങ്ങളുമെല്ലാം തന്റെ നൊസ്റ്റാൾജിയയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും അത്തരം രംഗങ്ങൾ ഷൂട്ട് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1998 ൽ റിലീസ് ചെയ്ത ദിൽസേ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും ഇരുവർ സിനിമയുടെ ചിത്രീകരണത്തിലെ ബുദ്ധിമുട്ടുകളും സന്തോഷ് ശിവൻ ഓർത്തെടുത്തു. ദിൽ സെ യിലെ ചൽ ചയ്യ ചയ്യ എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിൽ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ട്രെനിനു മുകളിൽ കയറി നൃത്തം ചെയ്തത് ഷാരൂഖ് ഖാൻ മാത്രമാണെന്നും സിനിമയ്ക്ക് വേണ്ടി എന്ത് റിസ്കും ഏറ്റെടുക്കാൻ ആത്മവിശ്വാസമുള്ളവരാണ് മോഹൻലാലും ഷാരൂഖ് ഖാനുമെന്ന് സന്തോഷ് ശിവൻ അഭിപ്രായപ്പെട്ടു.

ജാക് ആൻഡ് ജിൽ ചിത്രത്തിലെ പാർവതി മഞ്ജുവിന്റെ പ്രതിഭ തെളിയിക്കുന്ന കഥാപാത്രമാണ്. ആടിയും പാടിയും ആരാധകരെ കയ്യിലെടുത്ത മഞ്ജു ആക്ഷൻ രംഗങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിലെ കിം കിം കിം എന്ന ഗാനം പുറത്തു വന്നതോടെ ലക്ഷക്കണക്കിന് ആരാധകരാണ് ആ ഗാനത്തിനൊപ്പം ചുവടുവച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയത്തിൽ നർമ്മം കലർത്തി വളരെ ലളിതമായ രീതിയിൽ തികച്ചും വ്യത്യസ്തമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ്, ഗോപിസുന്ദർ, റാം സുരേന്ദൻ എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്. മഞ്ജു ആലപിച്ച കിം കിം കിം എന്ന ഗാനത്തിന്റെ നൃത്തരംഗങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.