നോവൽ വായിച്ച് മമ്മൂട്ടി പറഞ്ഞു ആ വേഷം തന്നേക്കാൾ ചേരുക മോഹൻലാലിനാണെന്ന് “ജാജലി” മഹർഷിയുടെ വേഷം താൻ ചെയ്യാമെന്നും സമ്മതിച്ചു

മലയാളത്തിലെ ഏറ്റവും മികച്ച ഒരേയൊരു സംവിധായകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ചലച്ചിത്രകാരനാണ് കെ.ജി ജോർജ്. മലയാളത്തിന് നിരവധി സിനിമകൾ സംഭാവന ചെയ്തിട്ടുള്ള അദ്ദേഹത്തിന് കരിയറിൽ ചെയ്യാൻ കഴിയാതെ പോയ ഒരു പ്രൊജക്റ്റ് ഉണ്ട്.
വളരെ പ്രശസ്തമായ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങാനിരുന്ന ആ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. മുടങ്ങിപ്പോയ ഈ പ്രോജക്റ്റിനെ സംബന്ധിച്ച് ജിഷ്ണു മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതിനോടകം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ആ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “വേദസ്‌മൃതി നദിയോട് ചേർന്നുള്ള ആശ്രമത്തിലാണ് “ജാ‌ജലി” മഹർഷി വസിച്ചിരുന്നത്. മഹാപണ്ഡിതനായ ആദ്ദേഹത്തിന് വലിയൊരു ശിഷ്യസമ്പത്തുമുണ്ടായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം, വേദസ്‌മൃതി നദിയിൽ മുഖം കഴുകി കൊണ്ടിരുന്ന അദ്ദേഹം രണ്ടു പ്രാവുകളുടെ സംസാരം കേൾക്കാൻ ഇടയായി.”ജാ‌ജലി വലിയ പണ്ഡിതനാണ്. പക്ഷേ അദ്ദേഹം സർവ്വജ്ഞനല്ല.” കൂട്ടത്തിൽ മുതിർന്ന പ്രാവ് അഭിപ്രായപ്പെട്ടു. കാരണം ആരാഞ്ഞ രണ്ടാമത്തെ പ്രാവിനോട് ജാജലിക്ക് “കാമകല” യിൽ അറിവില്ല എന്നാണ് മുതിർന്ന പ്രാവ് പറഞ്ഞത്. ഈ സംസാരം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പിറ്റേദിവസം അദ്ദേഹം ഒരു യാത്ര പുറപ്പെട്ടു.

അത് അവസാനിച്ചത് കാഞ്ചനപുരം എന്ന ദേശത്താണ്. അവിടെ വച്ച് അദ്ദേഹം മായാവതി എന്ന സുന്ദരിയായ ഗണിക സ്ത്രീയിൽ ആകൃഷ്ടനായി. അവൾക്ക് വേണ്ടി ആ ദേശത്തു തന്നെയുള്ള സാഗരദത്തൻ, ഉദയനൻ എന്നീ ധനികന്മാർക്കിടയിൽ വലിയൊരു മത്സരം തന്നെ നടക്കുന്നുണ്ടെന്നും നാട്ടുകാരിൽ നിന്നും ജാ‌ജലി മനസ്സിലാക്കി. ഇവരിൽ, ഭാഗ്യം കടാക്ഷിച്ചത് സാഗരദത്തനെയാണ്. ഒടുവിൽ മായവതിയുടെയും സാഗരദത്തന്റെയും സമാഗമ ദിവസം, ജാ‌ജലി തന്റെ പരകായ പ്രവേശ സിദ്ധി ഉപയോഗിച്ച് സ്വന്തം ആത്മാവിനെ സാഗരദത്തന്റെ ശരീരത്തിലേക്ക് സന്നിവേശിപ്പിച്ചു. എന്നാൽ തന്നെ കാത്തിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് അപ്പോൾ ജാജലിക്ക് അറിയില്ലായിരുന്നു.

സി വി ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവലിന്റെ രത്നചുരുക്കമാണ് മുകളിലുള്ളത്. വർഷങ്ങൾക്ക്‌ മുമ്പ്, സംവിധായാകനായ കെ. ജി ജോർജ്ജും, സി. വി ബാലകൃഷ്ണനും ഈ നോവൽ സിനിമയക്കാൻ തീരുമാനിച്ചപ്പോൾ, “സാഗരദത്തൻ” എന്ന നായക കഥാപാത്രമായി തീരുമാനിച്ചത് മമ്മൂക്കയെയായിരുന്നു. എന്നാൽ, നോവൽ വായിച്ചിട്ടുള്ള മമ്മൂക്ക, ആ വേഷം തന്നേക്കാൾ ചേരുക മോഹൻലാലിനാണെന്നും, പകരം, “ജാജലി” മഹർഷിയുടെ വേഷം താൻ ചെയ്യാമെന്നും സമ്മതിച്ചു. നിർഭാഗ്യവശാൽ ആ ചിത്രം പാതിവഴിയിൽ മുടങ്ങി. ഇന്ന് ഈ നോവൽ വായിച്ചപ്പോൾ, എന്റെ മനസ്സിലും ജാ‌ജലി മഹർഷിക്കും സാഗരദത്തനും ഇവരുടെ മുഖമായിരുന്നു. അത് വായനയെ കൂടുതൽ ആസ്വാദ്യമാക്കി. എന്നെങ്കിലും, മലയാളികൾക്ക് പ്രിയപ്പെട്ട ഇക്ക – ഏട്ടൻ കോംബോയിൽ “കാമമോഹിതം” വെള്ളിത്തിരയിലെത്തുമെങ്കിൽ അത് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. ഈ നോവൽ വായിക്കാത്തവരുണ്ടെങ്കിൽ തീർച്ചയായും വായിക്കുക. ജിഷ്ണു മുരളീധരൻ.. “

Related Posts

Leave a Reply