“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും  കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ
1 min read

“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ

“പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടു എന്ന്, പക്ഷേ താൽകാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ലല്ലോ”  ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീപ്പിടുത്തം വിഷപ്പുകയിൽ മുക്കിയ കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പൊഖ്റാനിൽ നിന്നും മോഹൻലാൽ എഴുതിയ കുറിപ്പാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.”ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇരുന്നാണ്. കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. ബ്രഹ്മപുരത്തുനിന്നുമുള്ള വിഷപ്പുക അമ്മ കിടക്കുന്ന മുറിയിലുമെത്തുമോ എന്ന ഭയം എന്നെ വേട്ടയാടുന്നു”

കൊച്ചിയിലെ ദുരിത ദൃശ്യങ്ങളിൽ തൻ്റെ അമ്മയെ പോലെ  വൃദ്ധരായ മറ്റനേകം അമ്മമാരെയും അഛൻമാരെയും, കുഞ്ഞുങ്ങളെയും, അഭയം തേടാൻ ഇടമില്ലാത്ത ആളുകളെയും തനിക്ക് കാണാം, അർത്ഥശൂന്യമായ കുറേ രാഷ്ട്രീയ കോലാഹലങ്ങളും, എന്ന് കുറിക്കുന്നതോടൊപ്പം, ഇതൊരു പ്രകൃതി ദുരന്തമല്ല മറിച്ച് മനുഷ്യനിർമിത ദുരന്തമാണെന്നുള്ള രോഷവും താരം പങ്കുവെയ്ക്കുന്നു. ഈ വിഷപ്പുക ശ്വസിചുകൊണ്ട്  ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ അടക്കം ഓരോ മനുഷ്യനും രോഗത്തിലേക്കാണ് സഞ്ചരിക്കുന്നത് എന്നത് ഭയമുളവാക്കുന്നുവെന്നും അദ്ദേഹം എഴുതി. ആളുകൾ മാലിന്യം  കവറിൽ ആക്കി വലിച്ചെറിയുന്നത് കൊണ്ടാണ് പ്രശ്നം ഇത്ര രൂക്ഷമാവുന്നതെന്ന ന്യായീകരങ്ങൾ കേൾക്കുന്നു. സത്യത്തിൽ കൃത്യമായ ഒരു സംവിധാനം ഇല്ലാത്തത് കൊണ്ടാണ് ആളുകൾ ഇങ്ങനെ ചെയ്യുന്നത്. അത്തരം ഫലപ്രദമായ ഒരു സംവിധാനം സൃഷ്ടിക്കുകയാണെങ്കിൽ ജനങ്ങളിൽ ശരിയായ ഒരു സംസ്കാരവും വളർന്നു വരുമെന്നാണ് താൻ കരുതുന്നതെന്നും കുറിപ്പ് തുടർന്ന് കൊണ്ട് താരം എഴുതി. പ്രിയ താരത്തിൻ്റെ ഈ പ്രതികരണത്തോടൊപ്പം മറ്റൊരു കുറിപ്പ് കൂടി ഇപ്പൊൾ ഏറെ വായിക്കപ്പെടുന്നുണ്ട് 5 വർഷം മുൻപ് കേരളത്തിൻ്റെ മാലിന്യ സംസ്കരണ പ്രശ്നം ചൂണ്ടിക്കാണിച്ചു കൊണ്ട് മോഹൻലാൽ എന്ന പൗരൻ പിണറായി എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന കത്തിൻ്റെ രൂപത്തിൽ തൻ്റെ ബ്ലോഗിൽ 5 വർഷം എഴുതിയ കുറിപ്പാണ് ഇത്.

ബ്രഹ്മപുരം വിഷയത്തിൽ മമ്മൂട്ടി നടത്തിയ പ്രതികരണം ഇതിനോടകം ചർച്ചയായിരുന്നു. കൊച്ചിയിലെ സ്ഥിതി മോശമാണെന്നും പുണെയിൽ നിന്നും തിരിച്ചുവന്ന ശേഷം ചുമയും ശ്വാസ തടസവും അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.  വിഷപ്പുക മൂലം ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആസ്റ്റ്ർ മെഡിസിറ്റിയുമായി ചേർന്നുകൊണ്ട് മമ്മൂട്ടി മൊബൈൽ ചികിത്സ സംവിധാനം ഒരുക്കി നൽകിയിരുന്നു. മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരി – മോഹൻലാൽ ചിത്രം മലൈക്കൊട്ടൈ വാലിബൻ്റെ ഷൂട്ടിംഗിനായാണ് ലാലേട്ടൻ പൊഖ്റാനിൽ എത്തിയത്.

സസ്പെൻസുകൾ നിലിർത്തികൊണ്ട് ലോക്കേഷൻ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിടാതെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

News summary: Malayalam actor Mohanlal’s respose to Brahmapuram fire