“ഇതെങ്ങനെയാണ് മമ്മൂക്ക ആവിഷ്കരിക്കുക എന്ന് ഒരു വിദ്യാർത്ഥിയുടെ താൽപര്യത്തോടെ ആ സീൻ ഷൂട്ട് ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് നടൻ ജഗദീഷ് പറയുന്നു
പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ് ‘റോഷാക്ക്’. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു.കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയ ചിത്രത്തിൽ ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി അണിനിരക്കുന്നു.
ഏറെക്കാലത്തിനുശേഷം ജഗദീഷ് അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രമായിരുന്നു റോഷാക്കിലെ പോലീസ് ഉദ്യോഗസ്ഥന്റേത്. അഷ്റഫ് എന്നായിരുന്നു ജഗദീഷിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ടൊരു കഥാപാത്രമായിരുന്നു ഇത്. ഇപ്പോഴിതാ റോഷാക്കിന്റെ പ്രസ് മീറ്റിൽ വച്ച് ജഗദീഷ് മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്. റോഷാക്കിന്റെ ഷൂട്ടിന്റെ സമയത്ത് ഒരു വിദ്യാർത്ഥിയെ പോലെ മമ്മൂട്ടിയുടെ അഭിനയം നിരീക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് ജഗദീഷ്. “റോഷാക്കിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ചില ഏരിയകളിൽ ലൂക്കിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം എന്നെഴുതിയിട്ടുണ്ടായിരുന്നു. ഇതെങ്ങനെയാണ് മമ്മൂക്ക ആവിഷ്കരിക്കുക എന്ന് ഒരു വിദ്യാർത്ഥിയുടെ താൽപര്യത്തോടെ ആ സീൻ ഷൂട്ട് ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു. ക്യാരക്ടറിനെ നിഗൂഢത എഴുതി വെച്ചിരിക്കുന്ന ഡയലോഗ് പറയാൻ അത്ര ബുദ്ധിമുട്ട് മമ്മൂക്കയ്ക്ക് ഉണ്ടാകില്ല.
പക്ഷേ ഗൂഢസ്മിതം അല്ലെങ്കിൽ ഹിഡൻ ആയിട്ടുള്ള കാര്യം എക്സ്പ്രസ് ചെയ്യുക എന്ന് പറയുന്നത് ഈ കഥാപാത്രത്തിൽ സങ്കീർണ്ണമായ നേച്ചറാണ്”. ജഗദീഷ് പറഞ്ഞു. ഈ സമയം മമ്മൂട്ടി പറഞ്ഞത് ഗൂഢസ്മിതമൊക്കെ താൻ വായിച്ച സ്ക്രിപ്റ്റിൽ ഉണ്ടോ എന്ന് സംശയമുണ്ടെന്നാണ്. “അങ്ങനെയൊരു കാര്യം ഞാൻ ഓർക്കുന്നില്ല ജഗദീഷേ, സിനിമയിലെങ്ങാനും കണ്ടെങ്കിൽ സോറി”. ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതുകേട്ട് ജഗദീഷ് പൊട്ടിച്ചിരിച്ചു. ഇപ്പോൾ റോഷാക്കിന്റെ വിജയാഘോഷങ്ങൾ ദുബായിലും മറ്റുമായി നടന്നുകൊണ്ടിരിക്കുകയാണ്. വിദേശത്താണെങ്കിലും മമ്മൂട്ടിയെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.