കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിന് പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മിറ്റി
1 min read

കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിന് പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മിറ്റി

നിരവധി സിനിമയില്‍ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക-സീരിയല്‍ മേഖലകളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത കലാകാരനാണ് വിജയന്‍ കാരന്തൂര്‍. 1973-ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട്ട് ആന്‍്ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഇപ്പോള്‍ അദ്ദേഹം ഗുരുതര കരള്‍രോഗം പിടിപെട്ടു ചികിത്സയിലാണ്. അഞ്ചുവര്‍ഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്നുമാസമായി മൂര്‍ധന്യാവസ്ഥയിലാണ്. കരള്‍ മാറ്റിവെക്കുകയാണ് മുന്നിലുള്ള ഏക മാര്‍ഗം. അത് കുറഞ്ഞ ദിവസങ്ങള്‍ക്കകം നടത്തുകയും വേണം. ഇതിനകം വലിയൊരു സംഖ്യ ചികിത്സക്കുവേണ്ടി ചെലവുവന്നിട്ടുണ്ട്. അദ്ദേഹം തന്നെയായിരുന്നു ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

കരള്‍ മാറ്റി വെക്കുന്നതിനും പരിശോധനക്കും തുടര്‍ചികിത്സക്കും 50 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ കരള്‍ ദാതാവിനെ കണ്ടെത്തുകയും വേണം. കുന്ദമംഗലത്തും പരിസരത്തുമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക കലാ സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വിജയന് വേണ്ടി ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച ജുമാ നമസ്‌കാരത്തിന് ശേഷമായിരുന്നു ധനസമാഹരണം നടന്നത്.

വിജയന്‍ കാരന്തൂര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സഹായമഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ പള്ളിക്കമ്മിറ്റി വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ശേഷം വെള്ളിയാഴ്ച്ച ധനസമാഹരണം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് പള്ളിക്കമ്മിറ്റി വിഷയത്തില്‍ ഇടപെടുന്നത്. സിനിമാതാരങ്ങളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്നാണ് അദ്ദേഹം അന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.