തിയേറ്റർ ഇളക്കി മറിച്ച് ” ഓസ്ലർ ” രണ്ടാം ദിനത്തില്‍ നേടിയ കളക്ഷന്‍.
ജയറാം എന്ന നായകന്റെ തിരിച്ചുവരവ്, അത് ഏതൊരു മലയാളിയും കാത്തിരുന്ന ഒന്നായിരുന്നു. ആ തിരിച്ചുവരവിന് വഴിവെച്ചതിനൊപ്പം ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന പ്രതീതിയും എബ്രഹാം ഓസ്ലര് റിലീസ് ദിവസം സൃഷ്ടിച്ചിട്ടുണ്ട്. ജയറാമിന്റെ വേറിട്ട വേഷവുമായി എത്തിയ ചിത്രമാണ് ഓസ്ലര്. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ടത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. അടുത്തകാലത്ത് മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ജയറാമിന്റെ ഓസ്ലറിന് കഴിഞ്ഞു . ആദ്യദിനം ആഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ ആറ് കോടിയോളം വരുമെന്നാണ് വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്ക്. കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതേ സമയം റിലീസായ രണ്ടാം ദിനത്തില്‍ അതായത് ഡിസംബര്‍ 12 വെള്ളിയാഴ്ച ചിത്രം എത്ര നേടി എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര ബോക്സോഫീസ് കണക്കാണ് ട്രേഡ് ട്രാക്കറായ സാക്നില്‍ക്.കോം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ 2.8 കോടി കളക്ഷന്‍ നേടിയ ‘ഓസ്ലര്’. വെള്ളിയാഴ്ച രണ്ടാം ദിനത്തില്‍ 2.2 കോടിയാണ് നേടിയത്. ചിത്രം സ്ഥിരത നിലനിര്‍ത്തുന്നു എന്ന സൂചനയാണ് ഇത്. ഇനി വീക്കെന്റ് ആയതിനാല്‍ മികച്ച സംഖ്യ തന്നെ ചിത്രം കളക്ഷന്‍ നേടും എന്ന സൂചന കൂടിയാണ് ഇത്. 2024 ജനുവരി 12 വെള്ളിയാഴ്ച, എബ്രഹാം ഓസ്ലറിന് മൊത്തത്തിൽ 39.45% ആയിരുന്നു തീയറ്റര്‍ ഒക്യൂപെന്‍സി ഉണ്ടായത്. ഇത് അവധി ദിനങ്ങളില്‍ വീണ്ടും കൂടിയാല്‍ വരും ദിനങ്ങള്‍ ജയറാം ചിത്രം വലിയ സംഖ്യ നേടാന്‍ സാധ്യത കാണുന്നുണ്ട്. വെള്ളിയാഴ്ച നൈറ്റ് ഷോകളില്‍ ഒക്യൂപെന്‍സി 69.23% ആയിരുന്നു.
ഓസ്ലറില് സുപ്രധാനമായ ഒരു അതിഥി വേഷത്തില്‍ മമ്മൂട്ടി കൂടി എത്തുന്നു എന്നത് സിനിമയെക്കുറിച്ചുള്ള ആകാംക്ഷ പതിന്മടങ്ങ് വര്‍ധിച്ചിരുന്നു. ഒടുവില്‍ ഓസ്ലര് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ മനം നിറഞ്ഞാണ് ആസ്വദിച്ചത്. എബ്രഹാം ഓസ്ലര് എന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ദിവസത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അത് അയാളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാളിലേക്ക് എത്തുന്ന ഒരു കേസന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഏതൊരു ക്രൈം ത്രില്ലര്‍ സിനിമകളും എന്നപോലെ ആരാണ് കുറ്റവാളി? അയാള്‍ എന്തിന് ആ കുറ്റകൃത്യം ചെയ്തു എന്നത് തേടിയുള്ള അന്വേഷണത്തിലൂടെയാണ് സിനിമയുടെ യാത്ര.