”ഞങ്ങൾക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്, ആത്മഹത്യയിലേക്ക് തള്ളിവിടരുത്”; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അഭിരാമി സുരേഷ്
നടൻ ബാലയും അമൃത സുരേഷും വിവാഹ ബന്ധം വേർപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞ് പോയെങ്കിലും ഇതുവരെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. 2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്. മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.
ഇതിനിടെ അമൃത സുരേഷിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടത് കൊണ്ടാണ് താൻ വിവാഹബന്ധം വേർപ്പെടുത്തിയത് എന്ന് നടൻ ബാല പറഞ്ഞത് ചർച്ചയായിരുന്നു. അമൃതയ്‌ക്കെതിരെ നടത്തിയ പുതിയ പ്രതികരണത്തിൽ ബാലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്.
അഭിരാമി സുരേഷിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ..
നിങ്ങൾ ആരാണെന്നോ നേരിട്ടോ എനിക്കറിയില്ല, എന്നാൽ ദീർഘകാലമായി തുടരുന്ന ഏകപക്ഷീയമായ പീഡനത്തിനെതിരെ നിങ്ങൾ വിവേകപൂർണ്ണമായൊരു പോയിന്റാണ് ഉയർത്തിയത്. വാർത്തകളും നെഗറ്റിവിറ്റികളും പരക്കാതിരിക്കാനും കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാനും ഞങ്ങൾ മിണ്ടാതിരുന്നു. ഞങ്ങൾക്കൊരു കുഞ്ഞുണ്ട്, അവളെ വാർത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാൻ വേണ്ടി.
സാമ്പത്തികമായി ഞങ്ങളേക്കാൾ മുകളിലാണ് എതിർവശം, ജീവിക്കാനുള്ള ഞങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടാൻ പോലും ഞങ്ങൾ വളരെ ദുർബലരായിരിക്കുന്നു. രാവും പകലും പാട്ടുപാടിയും അക്ഷീണം പ്രയത്‌നിച്ചും ഞങ്ങളുടെ ഭാവി സുരക്ഷിതമാകാൻ, നിങ്ങളെയെല്ലാവരെയും പോലെ നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്. ഞങ്ങൾക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്. എന്തിന്, ഈ ചതികൾ കാരണം എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു.
സ്‌നേഹവും ബഹുമാനവും നേടാനായി ആരെയെങ്കിലും കബളിപ്പിക്കാനോ കള്ളത്തരം കാണിക്കാനോ ഞങ്ങൾ വന്നിട്ടില്ല, ഞങ്ങൾക്കറിയാവുന്നത് ഞങ്ങൾ ചെയ്യുന്നു, ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങൾക്ക് നൽകിയ സംഗീതം. കഠിനാധ്വാനത്തിലൂടെ ഞാൻ എന്റെ പാഷനെ പിന്തുടരുന്നു, പഠനവും വരുമാനമാർഗ്ഗവും നോക്കുന്നു. വർഷങ്ങളായി തുടരുന്ന ഈ അവ്യക്തമായ സൈബർ അപകീർത്തികളിൽ വിശ്വസിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം ആളുകളെങ്കിലും ഉണ്ടെന്നത് ഭയാനകമാണ്.
ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും അവരുടെ കാലിൽ നിൽക്കുകയും ചെയ്യുമ്പോൾ അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത് മൃഗീയമാണ്. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയെ തൃപ്തിപ്പെടുത്താനായി മറ്റുള്ളവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരരുത്.