അന്ന് വരുൺ പ്രഭാകർ, ഇന്ന് മൈക്കിൾ; ‘നേരി’ൽ കൈയ്യടി നേടി ശങ്കര്‍ ഇന്ദുചൂഡൻ
1 min read

അന്ന് വരുൺ പ്രഭാകർ, ഇന്ന് മൈക്കിൾ; ‘നേരി’ൽ കൈയ്യടി നേടി ശങ്കര്‍ ഇന്ദുചൂഡൻ

പത്തുവർഷങ്ങള്‍ക്ക് മുമ്പ് 2013-ൽ ഒരു ക്രിസ്മസ് കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതൽ വെറുത്തൊരു കഥാപാത്രമായിരുന്നു ‘ദൃശ്യ’ത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രം. നടൻ റോഷൻ ബഷീറായിരുന്നു സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിലെ വരുൺ എന്ന കഥാപാത്രമായെത്തിയത്. ചിത്രത്തിൽ വരുൺ കൊല്ലപ്പെടുമെങ്കിലും പത്ത് വർഷങ്ങള്‍ക്കിപ്പുറവും അയാളോടുള്ള വെറുപ്പ് മലയാളികള്‍ക്ക് മാറിയിട്ടില്ല. അത്രയ്ക്ക് ശക്തമായിരുന്നു ഏതാനും നിമിഷങ്ങള്‍ വന്നുപോകുന്ന ആ കഥാപാത്രം.

ഇപ്പോഴിതാ പത്തുവർഷങ്ങള്‍ക്കിപ്പുറം ഈ 2023-ൽ മറ്റൊരു ക്രിസ്മസ് കാലത്ത് മലയാളികളുടെ വെറുപ്പ് നേടിയിരിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കുകയാണ് ‘നേര്’ എന്ന സിനിമയിലെ മൈക്കിള്‍ എന്ന കഥാപാത്രം. ശങ്കർ ഇന്ദുചൂഡൻ എന്ന നടനാണ് ഈ കഥാപാത്രമായെത്തിയിരിക്കുന്നത്. ചിത്രത്തിലെ വില്ലൻ എന്ന് വിശേഷിപ്പിക്കാവുന്ന വേഷമാണ് ശങ്കറിന് ലഭിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച വേഷം ഏറെ തന്മയത്വത്തോടെ ശങ്കർ സ്ക്രീനിൽ എത്തിച്ചിട്ടുമുണ്ട്.

2017-ൽ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ബിജു മേനോൻ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ ശങ്കർ ശേഷം മാംഗല്യം തന്തുനാനേന, ഓട്ടോർക്ഷ, എടക്കാട് ബറ്റാലിയൻ 06, കോഴിപ്പോര്, ഹൃദയം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നേരിലെ വേഷം ശങ്കറിന്‍റെ കരിയർ ബെസ്റ്റ് ആയിരിക്കുകയാണ്.