‘ഗംഭീര പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഉള്ള സിനിമ ചെയ്യാൻ പോകുന്നു’ എന്ന് ‘ആറാട്ട്’ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ
1 min read

‘ഗംഭീര പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഉള്ള സിനിമ ചെയ്യാൻ പോകുന്നു’ എന്ന് ‘ആറാട്ട്’ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ

മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു ആറാട്ട്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

ഇപ്പോഴിതാ ബി ഉണ്ണികൃഷണന്‍ നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വിപണി ലക്ഷ്യമാക്കാത്ത ശക്തമായ രാഷ്ട്രീയം പറയുന്ന ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്ന് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ തന്റെ ആദ്യ തിരക്കഥയായ ‘ജലമര്‍മരം’ പോലുള്ള സിനിമകള്‍ എഴുതിയാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ലെന്നും വരുമാനമെന്ന നിലയില്‍ സിനിമയെ തിരഞ്ഞെടുത്തപ്പോള്‍ അത്തരം സിനിമകള്‍ എഴുതുന്നത് പ്രായോഗികമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ജലമര്‍മരം പോലെ വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യണമെന്ന് ഒരു ബോധ്യം വരുകയാണെങ്കില്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നുണ്ട്. ചിലപ്പോള്‍ ഞാനത് ചെയ്യും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാവണം ആ സിനിമ എന്ന് എനിക്ക് നല്ല നിര്‍ബന്ധമുണ്ട്. അപ്പോള്‍ അതിന് വേണ്ടിയുള്ള ഒരു ശ്രമം എന്റെ ഉള്ളില്‍ ഉണ്ട്. ചില ചിന്തകളും എന്റെ മനസില്‍ ഉണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ജലമര്‍മരം എന്ന സിനിമ ഒരു പാരിസ്ഥിതിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നു. അത്തരത്തിലൊരു പ്രശ്നം ഒരു അഞ്ചുവയസ്സുകാരന്റെ പെഴ്സ്പെക്ടീവില്‍ അവതരിപ്പിക്കുക എന്നത് അന്ന് ഒരു വലിയ തീരുമാനമായിരുന്നു. സാധരണ ഗതിയില്‍ അങ്ങനെയാരും ആലോചിക്കാത്ത ഒരു സംഭവമായിരുന്നു. അതിന്റേതായിട്ടുള്ള ഒരു പ്രസക്തി ആ ചിത്രത്തിന് ഉണ്ടായിരുന്നു. അപ്പോള്‍ അതുപൊലെ ഒരു സിനിമ ഞാനിപ്പോള്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരുമായി ചില ചര്‍ച്ചകളിലേര്‍പ്പെടുന്നുണ്ട്. ആ ചര്‍ച്ചകളിലൊക്കെ ധൈര്യമായി രാഷ്ട്രീയം പറയുന്ന സിനിമയാവണം എന്നാണ് പറഞ്ഞത്.

എന്നാല്‍ ചര്‍ച്ചയില്‍ അവര്‍ പറയുന്നത്, ഇന്നത്തെ സാഹചര്യത്തില്‍ അത്ര ബോള്‍ഡായ സിനിമ പറയാന്‍ ധൈര്യമില്ല എന്നായിരുന്നു. അങ്ങനെയല്ല എന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാം. അതിന്റ അനന്തരഫലങ്ങള്‍ എന്താണെന്ന് നോക്കാം എന്ന് പറഞ്ഞാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.