ആടുജീവിതം സിനിമ മൂന്ന് മണിക്കൂറല്ല… ; പുതിയ അപ്പ്ഡേറ്റ് പുറത്ത്
1 min read

ആടുജീവിതം സിനിമ മൂന്ന് മണിക്കൂറല്ല… ; പുതിയ അപ്പ്ഡേറ്റ് പുറത്ത്

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തു വിട്ടിരുന്നു. നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുൻപുള്ള നജീബിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ഇപ്പോഴിതാ പൃഥ്വിരാജ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2.52 മണിക്കൂറായിരിക്കും ദൈര്‍ഘ്യം . കഠിനമായ പരിശ്രമമാണ് പൃഥ്വിരാജ് ബ്ലസിയുടെ ചിത്രത്തിനായി നടത്തിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീരെ മെലിഞ്ഞ ലുക്കിലും താരത്തെ ചിത്രത്തില്‍ കാണാനാകും എന്ന് മാത്രമല്ല പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒന്നാകും ആടുജീവിതം എന്നുമാണ് കരുതുന്നത്.

മലയാളത്തിൽ ഇന്നും ബെസ്റ്റ്സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.