നാല് ദിവസം കൊണ്ട് നേടിയത് 60 കോടിക്ക് മീതെ, മുടക്കുമുതൽ 82 കോടി; 100 കോടിയിലേക്ക് കടക്കാനൊരുങ്ങി ആടുജീവിതം
1 min read

നാല് ദിവസം കൊണ്ട് നേടിയത് 60 കോടിക്ക് മീതെ, മുടക്കുമുതൽ 82 കോടി; 100 കോടിയിലേക്ക് കടക്കാനൊരുങ്ങി ആടുജീവിതം

നീണ്ട പതിനാറ് വർഷം കൊണ്ടാണ് ബ്ലസി ആടുജീവിതം എന്ന സിനിമ പൂർത്തിയാക്കിയത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലഘട്ടം തന്നെയാണ്. അങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്ന ബ്ലസിയെ അനുമോദിക്കാതെ വയ്യ. ഇതിനൊപ്പം നടൻ പൃഥ്വിരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം കട്ടയ്ക്ക് നിൽക്കുകയും ചെയ്തു.

ഒടുവിൽ ആടുജീവിതം എന്ന സർവൈവൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞു, ‘മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും’. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകരുടെ മനസും കണ്ണും നിറഞ്ഞു. ഒപ്പം ബോക്സ് ഓഫീസും. ഇത് ബ്ലസിയുടെ മാത്രമല്ല, ടീമം​ഗങ്ങളുടെയെല്ലാം വിജയമാണ്.

മാർച്ച് 28ന് ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസും കസറി. ഒടുവിൽ നാല് ദിവസം പൂർത്തി ആക്കുന്നതിന് മുൻപ് തന്നെ 50 കോടി ക്ലബ്ബിലും പൃഥ്വിരാജ് ചിത്രം ഇടംപിടിച്ചു. മലയാള സിനിമയിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി നേടുന്ന സിനിമയിൽ ഒന്നാം സ്ഥാനത്തായി ചിത്രം. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ആടുജീവിതം ആ​ഗോളതലത്തിൽ എത്ര നേടിയെന്ന കണക്കുകൾ പുറത്തുവരികയാണ്.

ഇതുവരെ 64.20 കോടിയാണ് ആകെ ആടുജീവിതം നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കേരളത്തിൽ നിന്നും 23.2 കോടി നേടിയപ്പോൾ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും 11കോടിയാണ് ആടുജീവിതം നേടിയത്. ഇന്ത്യ മുഴുവനായി 34.2 കോടിയും ഓവർസീസിൽ നിന്നും 30കോടിയും ആടുജീവിതം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 64.20കോടി. വരുന്ന വാരാന്ത്യത്തോടെ 100കോടി ക്ലബ്ബിൽ ആടുജീവിതം എത്തുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെ എങ്കിൽ ഏറ്റവും വേ​ഗത്തിൽ 100കോടി തൊടുത്ത ചിത്രമെന്ന ഖ്യാതിയും പൃഥ്വിരാജ് സിനിമയ്ക്ക് സ്വന്തമാകും. 82 കോടിയാണ് ചിത്രത്തിൻറെ ആകെ ബജറ്റ് എന്ന് നേരത്തെ ബ്ലെസി അറിയിച്ചിരുന്നു.