‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയാകാന്‍ ഒരുപാട് അധ്വാനം വേണം.. പറ്റുമോ എന്നറിയില്ല’ : പ്രഭാസ് തുറന്നുപറയുന്നു
സിനിമയില്‍ ഇനിയും ഒരുപാടു വര്‍ഷം നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടന്‍ പ്രഭാസ്. വര്‍ഷങ്ങള്‍ക്കു ശേഷവും ആളുകള്‍ തന്റെ സിനിമ കാണണം. അത്രയും കാലം സിനിമയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ ഭാഗ്യമാണെന്നും താരം പറയുന്നു. മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും ജയറാം സാറുമൊക്കെ മലയാള സിനിമയില്‍ മുപ്പതും നാല്‍പ്പതും വര്‍ഷമായി തുടരുന്നവരാണ്. അങ്ങനെ നിലനില്‍ക്കാന്‍ ഒരുപാട് അധ്വാനം വേണമെന്നും പ്രഭാസ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.
‘ ഒരുപാട് അധ്വാനം വേണം ഇവരെപ്പോലെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോല്‍ക്കുക, ഓരോ വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് വീണ്ടും പൊരുതുക. അത്രയുമൊക്കെ സമയം ഞങ്ങളുടെ തലമുറയ്ക്കുണ്ടാവുമോ എന്നറിയില്ല. അവരെപ്പോലെ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന കാര്യത്തിലും സംശയമുണ്ട്.
അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും പറ്റും. ബാഹുബലി വരെയുള്ള കാലം ഒരൊഴുക്കായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു എക്സ്പിരിമെന്റല്‍ സ്റ്റേജ്. ഇനി വരുന്ന വര്‍ഷങ്ങളില്‍ എനിക്ക് മനസിലായേക്കാം എങ്ങനെയാണ് ഒരു ഇന്ത്യന്‍ സിനിമ വേണ്ടതെന്ന്, പ്രഭാസ് പറയുന്നു.
മലയാള സിനിമകള്‍ കാണാറുണ്ടെന്നും ഈയടുത്ത് ട്രാന്‍സും ലൂസിഫറും കണ്ടെന്നായിരുന്നു പ്രഭാസിന്റെ മറുപടി. മിന്നല്‍ മുരളി ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല. സമയം കിട്ടുമ്പോള്‍ അതും കാണണം. രാധേ ശ്യാം എന്ന സിനിമയ്ക്കും അടുത്ത മലയാളി ബന്ധമുണ്ട്. അതില്‍ ജയറാം സാര്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മലയാളം പരിഭാഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് പൃഥ്വിരാജാണ്. ഇനി വരുന്ന സലാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. മലയാളം സിനിമ കൂടുതല്‍ റിയലസ്റ്റിക് ആണെന്നും പ്രഭാസ് പറയുന്നു.
മലയാള സിനിമയിലുള്ളവര്‍ നാച്ചുറലായാണ് അഭിനയിക്കുന്നത്. തെലുങ്കിലും ഇപ്പോള്‍ അങ്ങനെയുള്ള ചില സിനിമകള്‍ ഇറങ്ങുന്നുണ്ട്. അര്‍ജ്ജുന്‍ റെഡ്ഡി, പുഷ്പ പോലുള്ളവ. എങ്കിലും കമേഴ്ഷ്യല്‍ സിനിമകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. മലയാളത്തില്‍ ലൂസിഫറും കമേഴ്ഷ്യല്‍ സിനിമയാണ്. പക്ഷേ അതിലും റിയല്‍ എലമെന്റുണ്ട്. പതുക്കെ തെലുങ്കും അങ്ങനെയാവുമായിരിക്കാം, പ്രഭാസ് പറയുന്നു.