സിനിമയ്ക്കായി സെറ്റിട്ട വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സമ്മാനിച്ച് നടൻ സൂര്യ
1 min read

സിനിമയ്ക്കായി സെറ്റിട്ട വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സമ്മാനിച്ച് നടൻ സൂര്യ

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നടനാണ് സൂര്യ. കേരളത്തിലും വലിയ ആരാധകരുള്ള സൂര്യ, നടി ജ്യോതികയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. പെര്‍ഫെക്റ്റ് മാന്‍ എന്നാണ് സൂര്യയെ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തിലും വന്‍ ഹിറ്റാവാറുണ്ട്. സൂര്യയെ നായകാനാക്കി ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ്ഭീം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പാര്‍വതി അമ്മാളിന്റെ ജീവിതമാണ് ജയ്ഭീമില്‍ കാണിക്കുന്നത്. താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കയ്യടി നേടാറുണ്ട്. യാഥാര്‍ത്ഥ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ എത്തിയതെല്ലാം വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ പ്രഖ്യാപനമാണ്. തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയിട്ട സെറ്റിലെ വീടുകള്‍ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കടലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മാതാക്കള്‍ സൃഷ്ടിച്ചിരുന്നു. ബാലയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘സൂര്യ 41’ എന്നാണ് ചിത്രത്തിന്റെ പേര്. ഷൂട്ടിങ്ങ് പൂര്‍ത്തിയായാല്‍ സെറ്റ് പൊളിച്ചു നീക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍, വന്‍ ചിലവില്‍ ഒരുക്കിയ വീടുകള്‍ പൊളിച്ചു കളയാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാനാണ് സൂര്യ തീരുമാനം അറിയിച്ചിരിക്കുന്നത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. താരത്തിന്റെ ഈ തീരുമാനത്തിന് വന്‍ കയ്യടിയാണ് നേടുന്നത്. സോഷ്യല്‍മീഡിയകളില്‍ എല്ലാം താരത്തിന് അഭിനന്ദന പ്രവാഹമാണ്. യഥാര്‍ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ സൂര്യ നല്‍കുന്നുണ്ട്.

ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിയും അഗരം ഫൗണ്ടേഷനില്‍ സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നവരാണ്. കഴിഞ്ഞവര്‍ഷം ഇരുള വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി സൂര്യ ഒരുകോടി രൂപ സംഭാവന ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അവര്‍ക്ക് തുക കൈമാറുകയായിരുന്നു. ജയംഭീം എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു താരം ഇക്കാര്യം ചെയ്തത്. 2003ല്‍ ഇറങ്ങിയ പിതാമകന് ശേഷം നടന്‍ സൂര്യയും സംവിധായകന്‍ ബാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 41. കൃതി ഷെട്ടിയാണ് സൂര്യയുടെ നായികയായി ചിത്രത്തിലെത്തുന്നത്. 2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.