എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു
എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.
ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്ശന്, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന് ലാല്‍, ഷൈജു ശ്രീധര്‍, ജിതിന് പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്, ഷാജി കൈലാസ്, സലിം അഹമ്മദ്, വൈശാഖ്, ഷാഫി, ഷഹീദ് അറാഫാത്ത്, ജിനു വി എബഹാം, മാര്‍ത്താണ്ഡന്‍, ഹനീഫ് അദേനി, കൃഷാന്ത്, അഖില്‍ പോള്‍, ഡീനോ ഡെന്നിസ്, അനൂപ് കണ്ണന്, അരുണ്‍ ഡൊമിനിക്ക്, തിരക്കഥാകൃത്തുക്കളായ എസ്.എന്‍ സ്വാമി, ഉദയകൃഷ്ണ, ദിലീഷ് നായര്‍, ഷബ്ന മുഹമ്മദ്, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ, ജഗന് ഷാജി കൈലാസ് എന്നിവര്‍ സെറ്റില്‍ സന്ദര്‍ശനത്തിനായി എത്തുന്നതും സംവിധായകനും നിര്‍മ്മാതാക്കളുമായി സംസാരിക്കുന്നതുമൊക്കെ കാണിച്ചിട്ടുണ്ട്.
ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരിന് 9നാണ് റിലീസ്. സിനിമയുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കും വിധത്തിലുള്ള ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് കുറ്റാന്വേഷണ സിനിമകള്‍ സ്വന്തമായുള്ള മലയാള സിനിമാ ഇന്‍ഡസ്ട്രിയിലേക്കുള്ള പുത്തന്‍ എന്‍ട്രിയായിരിക്കും ഈ ടൊവിനോ ചിത്രമെന്നാണ് പ്രേക്ഷകരേവരുടേയും കണക്കുകൂട്ടല്‍.
ടീസറിൽ ഒരു കൊലപാതകവും അതിന് പിന്നാലെ നടക്കുന്ന പോലീസ് അന്വേഷണവും മറ്റുമൊക്കെയാണ് കാണിച്ചിരുന്നത്. അതിദുരൂഹമായതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ കഥാഗതിയാകും സിനിമയുടേതെന്നാണ് ടീസര്‍ തന്ന സൂചനകള്‍. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യല്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുണ്ടായിരുന്നത്. വിവാദമായൊരു കൊലപാതക കേസിന് പിന്നാലെ എസ് ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും നടത്തുന്ന ഊര്‍ജ്ജിതമായ അന്വേഷണമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.
തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന് സന്തോഷ് നാരായണന് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലാന്സും അനൗണ്‍സ്മെന്റ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പോലീസ് സ്റ്റോറിയാണ് ചിത്രമെന്ന സൂചന നല്‍കുന്നതായിരുന്നു. മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയല്‍ പോലീസുകാരന്റെ ലുക്കിലാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്ന സിനിമയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ‘കല്‍ക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയില്‍ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്. ടൊവിനോയെ നായകനാക്കി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാമാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.
വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് സിനിമയുടെ അവതരണം. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന് ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന് പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.
ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റില്‍ ഒരു ടൗണ്‍ഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധര്‍, സംഗീതം സന്തോഷ് നാരായണന്, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍ സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ, പി ആര് ഒ ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്.