”ഈ അടുത്ത കാലത്തൊന്നും എനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല”; നടൻ സിദ്ദിഖ്
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ജോണറിൽ വലിയ ഹൈപ്പുകളൊന്നുമില്ലാതെ ഇറങ്ങിയ ചിത്രത്തിൽ താരങ്ങളെല്ലാം അസാദ്ധ്യ പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻലാൽ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അനശ്വര രാജനും സിദ്ദിഖും കൂടെ നേരിൽ സ്കോർ ചെയ്യുന്നുണ്ട്.
പൂർണ്ണമായും നെഗറ്റീവ് റോളിലാണ് സിദ്ദീഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല എന്നാണ് സിനിമയെക്കുറിച്ച് സിദ്ദിഖ് പറയുന്നത്. ‘നേര്’ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് സിദ്ദിഖ് സംസാരിച്ചത്. എന്നാൽ നേരിലെ കഥാപാത്രത്തിന് തനിക്ക് ലഭിക്കുന്ന ചീത്തപ്പേര് താൻ ആസ്വദിക്കുകയാണെന്നും സിദ്ദിഖ് വ്യക്തമാക്കി.
”ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല, എന്നാൽ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തിയേറ്ററിൽ വന്നാൽ ആളുകൾ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങൾ പറയുന്ന പ്രത്യേക സീൻ അനശ്വരയുമായി ചെയ്യുമ്പോൾ ഇത്രയും ക്രൂരമാകും എന്ന് ഞാൻ കരുതിയില്ല.
പിന്നെ ഒരു സമാധാനമുള്ളത് അതിൽ എന്നെയങ്ങനെ ചീത്തപറയാനും ഇടിക്കാനും മോഹൻലാലിന് വിട്ടുകൊടുത്തിട്ടില്ല. സാധാരണ എനിക്ക് ഡയലോഗ് ഒന്നും പറയാൻ പറ്റാറില്ല. എന്നോട് എല്ലാവരും ഡയലോഗ് പറയാമോ എന്നെല്ലാം ചോദിക്കും. പറയാൻ പറ്റണ്ടെ അപ്പോഴേക്കും ഇടി തുടങ്ങും. ഇതിൽ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും മോഹൻലാൽ എന്നെ ഒന്നും ചെയ്തിട്ടില്ല. വളരെ കൃത്യമായിട്ടാണ് ജീത്തുവും ശാന്തിയും അതിന്റെ കഥ എഴുതിട്ടുള്ളത്. ആ സിനിമയുടെ ഭാഗമാകാൻ എനിക്കും സാധിച്ചു.”- സിദ്ദിഖ് വ്യക്തമാക്കി.