“അനാവശ്യമായ സിനിമ ചർച്ചകളിൽ നിന്നും മാറി നിൽക്കൂ..” ; ബിജെപി നേതാക്കളോടും പാർട്ടി അംഗങ്ങളോടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
1 min read

“അനാവശ്യമായ സിനിമ ചർച്ചകളിൽ നിന്നും മാറി നിൽക്കൂ..” ; ബിജെപി നേതാക്കളോടും പാർട്ടി അംഗങ്ങളോടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി


സിനിമയുമായി ബന്ധപ്പെട്ട ആവശ്യമില്ലാത്ത ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി നേതാക്കളും പാര്‍ട്ടി അംഗങ്ങളും മാറി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ കാര്യങ്ങളില്‍ നിന്ന് അംഗങ്ങൾ അകന്നു നില്‍ക്കണം. കൂടാതെ സിനിമയുമായി ബന്ധപ്പെട്ടതോ വ്യക്തികളുമായി ബന്ധപ്പെട്ടതോ ആയ ചര്‍ച്ചകൾ പാര്‍ട്ടിയുടെ കഠിനാധ്വാനത്തിന് കരിനിഴല്‍ വീഴ്ത്താൻ സാധ്യത ഉണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ സംസാരിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് . ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പുതിയ നിര്‍ദേശം.

വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നവരെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി താക്കീത് ചെയ്‌തു എന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഇതിനോടകം തന്നെ നിരവധി സിനിമകള്‍ക്കെതിരെയാണ് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് പ്രതിഷേധവും ബഹിഷ്‌കരണാഹ്വാനമുണ്ടായത്. ഏറ്റവും ഒടുവിലായി വന്ന വിവാദം പഠാന്‍ സിനിമയിലെ ഗാന രംഗത്തില്‍ ദീപികാ പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിലായിരുന്നു. ചിത്രത്തിലെ ഗാന രംഗം പുറത്തിറങ്ങിയതിനു ശേഷം ഷാരൂഖ് ഖാനും ദീപികയ്ക്കുമെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. മധ്യപ്രദേശിലെ ഒരു മന്ത്രിയും നിയമസഭാ സ്പീക്കറും  ഗാനരംഗത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇനി പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതു കൊണ്ട് ഇവരുടെ പ്രവർത്തികളിൽ എന്തെങ്കിലും വ്യത്യാസം വരുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആളുകൾ.

സിനിമയിലെ ഗാന രംഗത്ത് ബികിനിയുടെ നിറവുമായി ബന്ധപ്പെട്ടായിരുന്നു സംഘപരിവാർ വിമർശനങ്ങൾ രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ള പ്രവർത്തികൾ വളരെ മോശമാണെന്ന് കാണിച്ചു കൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ പാർട്ടി പ്രവർത്തകരിൽ നിന്നും ഉണ്ടാകുന്നത്  വിരോധാഭാസം ആണെന്നാണ് പല മുതിർന്ന നേതാക്കളും പറയുന്നത്. ഇതു കൂടാതെ സിനിമ വലിയ പരാജയമാക്കും എന്നു പറഞ്ഞു കൊണ്ട് നിരവധി ആളുകൾ ആണ് രംഗത്തെത്തുന്നത്. എന്നാൽ ഇതിന് കൃത്യമായ മറുപടിയുമായി കിങ് ഖാൻ തന്നെ രംഗത്ത് എത്തിയിരുന്നു.